
റിയാദ്: ജനസേവനം, ജീവകാരുണ്യം തുടങ്ങിയ മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തുന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം.
സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്ക് (ഇഹ്‌സാന്‍) സേവന സംഘടനയ്ക്ക് എം.എ യൂസഫലി പത്ത് ലക്ഷം റിയാല്‍ സംഭാവന നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി സാമൂഹിക, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലുലു ഗ്രൂഠ് പങ്കാളികളാണ്. ഇത് പരിഗണിച്ചാണ് സ്‌നേഹാദരം.

സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ സൗദി ജയിലുകളില്‍ കഴിയുന്നവരെ സഹായിക്കുക, രാജ്യത്തിന്റെ വികസനപ്രക്രിയകളില്‍ അവരെ പങ്കാളികളാക്കുക, ജീവകാരുണ്യ പ്രവര്‍ത്തനം പൂര്‍ണമായും ജനോപകാരപ്രദമാക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യസാക്ഷാല്‍ക്കാരമാണ് ഇഹ്‌സാന്‍ നിര്‍വഹിക്കുന്നത്. ഇതിനെ പിന്തുണക്കുന്നത് സ്തുത്യര്‍ഹമായ കാല്‍വെപ്പാണെന്ന് റിയാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഇഹ്‌സാന്‍ രണ്ടാമത് വാര്‍ഷികച്ചടങ്ങിന്റെ പ്രൗഢമായ വേദിയില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്ന് എം.എ യൂസഫലിക്ക് വേണ്ടി ലുലു സൗദി അറേബ്യാ ഡയരക്ടര്‍ ഷഹീം മുഹമ്മദ് ആദരം ഏറ്റുവാങ്ങി. സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
സൗദി ഭരണനേതൃത്വം നല്‍കിയ അംഗീകരത്തില്‍ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കൂടെ നില്‍ക്കുന്നതാണ് ഏറ്റവും പുണ്യമായ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
