
റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആഗസ്ത് 12 മുതല്‍ 18 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ 15,900 നിയമ ലംഘകര്‍ പിടിയിലായി. താമസ, തൊഴില്‍ നിയമ ലംഘകരും അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടും. ഇഖാമ നിയമ ലംഘകരായ 5,436 പേരും തൊഴില്‍ നിയമം ലംഘകരായ 1389 പേരുമാണ് അറസ്റ്റിലായത്.
9,075 പേര്‍ അതിര്‍ത്തി നിയമം ലംഘിച്ചതിനാണ് പിടിയിലായത്. ഇതില്‍ 51 ശതമാനം എത്യോപ്യക്കാരും 45 ശതമാനം യമന്‍ പൗരന്‍മാരുമാണ്. 4 ശതമാനം മറ്റു രാജ്യങ്ങളില്‍ നിന്നുളളവരും ഉള്‍പ്പെടും. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 23 പേയെും അറസ്റ്റ് ചെയ്തു.
നിയമ ലംഘകര്‍ക്ക് താമസം, ജോലി, യാത്രാ സൗകര്യം ഉള്‍പ്പെടെ അഭയം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.