
റിയാദ്: സൗദിയില്‍ ഒരു മാസത്തിനിടെ 1.7 ലക്ഷം നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരിലേറെയും റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരും തൊഴില്‍ നിയമ ലഘകരുമാണെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്തവരും താമസാനുമതി രേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായ ജോലിയില്‍ ഏര്പ്പെട്ടവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇഖാമ കാലാവധി കഴിഞ്ഞ നിരവധി തൊഴിലാളികളും പിടിയിലായവരില്‍ ഉള്‍പ്പെടും. അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്ത ഇഖാമ, തൊഴില്‍ നിയമ ലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. നിയമ ലംഘകര്‍ക്ക് തൊഴില്‍, യാത്ര, താമസം എന്നിവ നല്കിയ സ്വദേശികള്‍ ഉള്‍പ്പെടെയുളളവരെയും അറസ്റ്റ് ചെയ്തു.

സൗദിയിലെ 13 പ്രവിശ്യകളിലും പൊതു സുരക്ഷാ വകുപ്പും വിവിധ ഏജന്‍സികളും സംയുക്തമായി പരിശോധന തുടരുകയാണ്. നിയമ ലംഘകരെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.