റിയാദ്: സൗദി നാടുകടത്തല്‍ കേന്ദ്രം വഴി മാതൃരാജ്യങ്ങളിലേക്ക് മടിക്കി അയച്ചവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴിലുടമയില്‍ നിന്ന് ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിട്ടാലും പുതിയ തൊഴില്‍ വിസയില്‍ പ്രവേശനത്തിന് വിലക്കുണ്ട്.
സൗദി അറേബ്യയില്‍ നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ നേരത്തെ രാജ്യവ്യാപക ക്യാമ്പയിന്‍ നടത്തിയിരുന്നു. അതിനു ശേഷവും ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ റെയ്ഡുകള്‍ തുടരുകയാണ്. ദിവസവും ശരാശരി 2000 വിദേശികളെയെങ്കിലും സുരക്ഷാ വകുപ്പിന്റെ റെയ്ഡില്‍ പിടിയിലാകുന്നുണ്ട്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവരെ മാപ്പുനല്‍കി നാടുകടത്തുകയാണ് പതിവ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് തൊഴില്‍ വിസയില്‍ സൗദിയിലെത്താന്‍ കഴിയില്ലെന്നാണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ വിശദീകരണം. എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ രാജ്യം വിടുകയും നിശ്ചിത കാലാവധിക്കകം മടങ്ങി വരാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം പ്രവേശന വിലക്കുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.