റിയാദ്: എട്ട് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ റിയാദില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. തമിഴ്‌നാട് തഞ്ചാവൂര്‍ തിരുവിലന്തൂര്‍ അളളവര്‍ക്കുള രംഗനാഥന്‍ മോഹന്‍(59)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ജോലി ചെയ്ത കമ്പനിയില്‍ ഭീമ മായ സംഖ്യ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ പരാതിയിലാണ് രംഗനാഥന്‍ ജയിലിലായത്.
19 വര്‍ഷം ജോലി ചെയ്ത ഓയില്‍ മൊത്ത വിതരണ കമ്പനിയില്‍ സെയിത്സ്മാനായിരുന്നു. കണക്കില്‍ ക്രമക്കേട് ശ്രദ്ധയില്‍ പെട്ട സ്ഥാപനം നടത്തിയ അനേഷണത്തില്‍ ഭീമമായ സംഖ്യയുടെ വ്യത്യാസം കണ്ടെത്തി. കമ്പനി നിയമ നടപടികള്‍ക്ക് മുമ്പ് മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും രംഗനാഥന്‍ സഹകരിച്ചില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു. തുടര്‍ന്നാണ് തടവിലായത്.
സൗദിയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വംരിന്റെ നേതൃത്വത്തില്‍ കെഎംസിസി പ്രവര്‍ത്തകരും ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്. റിയാദ് ജയിലില്‍ കഴിയവെ 2022 ഏപ്രില്‍ 8ന് മരണപ്പെടുന്നത്. പോസ്റ്റ്മാര്‍ട്ടത്തില്‍സ്വാഭാവിക മരണമാണെന്ന് വ്യക്തമായി. അടുത്ത ബന്ധുക്കള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സിദ്ദീഖ് തുവ്വൂരിനെ ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തി. ഫോറന്‍സിക് വകുപ്പ്,പോലീസ്,സിവില്‍ അഫയേഴ്‌സ് എന്നിവിടങ്ങളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പാസ്‌പോര്‍ട്ടില്‍ ഫൈനല്‍ എക്‌സിറ്റ് നേടാന്‍ പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ സമീപിച്ചു. അപ്പോഴാണ് 11.45 ലക്ഷം സൗദി റിയാല്‍ (രണ്ടു കോടി മുപ്പത്തി എട്ടു ലക്ഷം രൂപ) ബാധ്യതയുള്ളതായി അറിയുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും അഞ്ചു തവണ മടക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജഡ്ജിന്റെ ഓഫീസില്‍ വിവരം അറിയിച്ചു. എതിര്‍ കക്ഷിയുടെ വക്കീലുമായി ബന്ധപ്പെട്ട് കമ്പനി ഉടമയുമായി ബന്ധപ്പെട്ടു. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്.
ഇതിനിടെ ഇന്ത്യന്‍ എംബസ്സിയുടെ കത്തുമായി റിയാദ് ഗവര്‍ണര്‍ ഓഫീസിനെ സമീപിച്ചു. സ്ഥാപന ഉടമകളെ നേരില്‍ കണ്ടപ്പോള്‍ 25 ശതമാനം പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്നായി. കുടുംബത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തി. ദീര്‍ഘനേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായതെല്ലാം നല്‍കാമെന്ന് ഉറപ്പു നല്‍കി. ഓണ്‍ലൈന്‍ വഴി കേസ് പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ഫൈനല്‍ എക്‌സിറ്റ് നേടാനായത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള മുഴുവന്‍ ചെലവുകളും ഇന്ത്യന്‍ എംബസ്സി വഹിച്ചു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ഫസ്റ്റ് സെക്രട്ടറി സജീവ്,സെക്കന്‍ഡ് സെക്രട്ടറി അനില്‍റതൂരി,ഹരീഷ്,മുബാറക്ക്,റെനീഫ്,ശിവ പ്രസാദ്,ദമ്മാമിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ വെങ്കിടേഷ്,റിയാദ് കെഎംസിസിസെന്‍ട്രല്‍ കമ്മിറ്റിജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ശിഹാബ് പുത്തേഴത്ത്,ദകവാന്‍ വയനാട് തുടങ്ങി നിരവധിയാളുകള്‍ വിവിധ ഘട്ടങ്ങളില്‍ സിദ്ദീഖ് തുവ്വൂരിനൊപ്പം സഹായവുമായി രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.