റിയാദ്: നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ ദല്‍ഹിയിലെത്തി. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സൗജന്യ യാത്ര ഒരുക്കിയത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവരെയാണ് ദല്‍ഹിയിലെത്തിച്ചത്. ജിദ്ദയില്‍ നിന്നു 151ഉം റിയാദില്‍ നിന്നു 211 പേരും ഉള്‍പ്പെട്ട സംഘമാണ് ദല്‍ഹിയിലെത്തിയത്.
നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 1,583 ഇന്ത്യക്കാരെ നാലു വിമാനങ്ങളിലായി നേരത്തെ ദല്‍ഹി, ലഖ്‌നോ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചിരുന്നു. ഇന്നലെ മടങ്ങിയവര്‍ ഉള്‍പ്പെടെ 1,945 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
അനധികൃതമായി സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞവരുടെ മടക്കയാത്രക്ക് വഴിയൊരുങ്ങിയത്.
നാടുകടത്തല്‍ കേന്ദ്രത്തില്‍ ബാക്കിയുളള ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടരുകയാണ്. അടുത്ത ആഴ്ച ഒരു വിമാനം കൂടി സര്‍വീസ് നടത്തുമെന്നും എംബസി വ്യക്തമാക്കി.
അതേസമയം, താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരും നിയമ ലംഘകരായവരും രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് സൗദിയിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഫൈനല്‍ എക്‌സിറ്റ് നേടി ഇന്ത്യയിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുന്നതിനാണ് രജിസ്‌ട്രേഷന്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.