റിയാദ്: വ്യോമയാന രംഗത്ത് സൗദി അറേബ്യ 10,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസിര്‍. റിയാദില്‍ നടക്കുന്ന ഫ്യൂചര്‍ ഏവിയേഷന്‍ കോണ്‍ഫറന്‍സിലാണ് സൗദിയുടെ ഭാവി പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചത്.
സൗദിയില്‍ നിന്ന് അന്തര്‍ദേശീയ നഗരങ്ങളിലേക്കുളള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. 250 നഗരങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുകയാണ് ലക്ഷ്യം. ഇതിനായി പുതിയ വിമാന കമ്പനി ആരംഭിക്കുമെന്നും ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഫ്യൂചര്‍ ഏവിയേഷന്‍ ഫോറം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണം 30 കോടിയായി ഉയര്‍ത്തും. ചരക്കു ഗതാഗത മേഖലയില്‍ വ്യോമയാന സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്തും. വര്‍ഷം 50 ലക്ഷം ടണ്‍ ചരക്കു നീക്കമാണ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലക്ക് കൂടുതല്‍ നിക്ഷേപ അവസരം സൃഷ്ടിക്കും. വിമാനത്താവളങ്ങള്‍ വികസിപ്പിക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. 2030 ആകുന്നതോടെ പശ്ചിമേഷ്യയിലെ വ്യോമയാന കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.