റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 13ന് റിയാദ് സുലൈ താഖത് വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും. നാല് വേദികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ സമാപനം ഓപ്പണ്‍ ഗ്രൗണ്ടില്‍ അരങ്ങേറും. എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട എന്നിവര്‍ പങ്കെടുക്കുമെന്നും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന സമ്മേളനം രാവിലെ 10ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ മേഴത്തുര്‍ ഉദ്ഘാടനം ചെയ്യും. മൗലവി ഉസാമ മുഹമ്മദ് ഉത്‌ബോധന പ്രഭാഷണം നിര്‍വഹിക്കും. രണ്ടാം സെഷനില്‍ സംഘടനാ മീറ്റ് വേദി രണ്ടില്‍ നടക്കും. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്യും. നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹബീബ് റഹ്മാന്‍ വിഷയം അവതരിപ്പിക്കും.
ഉച്ചക്ക് 2ന് നവോത്ഥാന സെഷനില്‍ ‘വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ചരിത്രം, കാലാത്മകത, മുസ്ലിം നവോത്ഥാനം’ എന്ന വിഷയം എം.എസ്.എം നാഷണല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന് അവതരിപ്പിക്കും. എം.എം അക്ബര്‍ ചോദ്യോത്തര സെഷന് നേതൃത്വം നല്‍കും. വേദി മൂന്നില്‍ സൗദി അറേബ്യയിലെ ദഅ്‌വ സെന്ററുകളിലെ പ്രബോധകരുടെ മീറ്റും ഇതേസമയം നടക്കും. അജ്മല്‍ മദനി, അബ്ദുസലാം ബുസ്താനി എന്നിവര്‍ നേതൃത്വം നല്‍കും
വൈകീട്ട് 4.30ന് എം.ജി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ‘വനിതാവേദി’ റിയാദ് ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മീരാ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എം.ജി.എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഉമ്മുകുല്‍സു ടീച്ചര്‍ മുഖ്യാതിഥിയായിരിക്കും. ‘സ്ത്രീ സ്വത്വം ഇസ്‌ലാമില്‍’ എന്ന വിഷയം അന്‍സാര്‍ നന്മണ്ട അവതരിപ്പിക്കും. ‘ആത്മവിചാരണ’ റാഹില അന്‍വര്‍, ‘ അപരിചിതര്‍ക്ക് അനുമോദനം’ അമീന അനിവാരിയ്യ എന്നിവര്‍ അവതരിപ്പിക്കും.
ഇതേസമയം വേദി രണ്ടില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍ ഉദ്ഘാടനം ചെയ്യും. ‘മതേതരത്വ കേരളം സാമൂഹിക സൗഹാര്‍ദം’ എന്ന പ്രമേയത്തില്‍ ശിഹാബ് സലഫി വിഷയം അവതരിപ്പിക്കും. റിയാദിലെ സമൂഹിക, സാംസ്‌കരിക, മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വ്യക്തിത്വങ്ങള്‍ പ്രമേയ സംവേദനം നടത്തും.
കുട്ടികള്‍ക്ക് വേണ്ടി ‘കളിത്തട്ട്’ വേദി നാലില്‍ നടക്കും. ഹനിഫ് മാസ്റ്റര്‍, അംജദ് അന്‍വാരി, ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള മദ്‌റസ അധ്യാപര്‍ നേതൃത്വം നല്‍കും.
സമാപന സമ്മേളനവും, സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ ഓപ്പണ്‍ ഗ്രൗണ്ടില്‍ രാത്രി 7ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം നടന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷാ വിജയികളെ ആദരിക്കും. ഒന്നാം സമ്മാനം നേടിയ വിജയിക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിക്കും. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റി ഡയറക്ടറും കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ. അലി ബിന്‍ നാസര്‍ അല്‍ശലആന്‍ ഉദ്ഘാടനം ചെയ്യും. സമാപന സംഗമത്തില്‍ എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ഖയ്യും ബുസ്താനി, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വ. അബ്ദുല്‍ജലീല്‍, നൗഷാദ് അലി പി. മുജീബ് അലി തൊടികപ്പുലം, ഫൈസല്‍ ബുഹാരി, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.