
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ രക്ത ദാന ക്യാമ്പിനൊരുങ്ങി കേളി കലാ സാംസ്‌കാരിക വേദി. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനു മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് രക്തം ശേഖരിക്കുന്നത്. ഏപ്രില്‍ 11ന് ‘ജീവസ്പന്ദനം-2025 മെഗാ രക്തദാന ക്യാമ്പ്’ എന്ന പേരിലാണ് പരിപാടി. സൗദി ആരോഗ്യ മന്ത്രാലയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രക്ത ദാതാക്കളുടെ ബ്‌ളഡ് പ്രഷര്‍, ഹീമോഗ്ലോബിന്‍ കൗണ്ട്, ബ്‌ളഡ് ഷുഗര്‍, സാംക്രമിക രോഗം എന്നിവ പരിശോധിക്കും. ഇതിനു പുറമെ ദാതാവിന്റെ ആരോഗ്യം വിലയിരുത്തുന്നതിന് ഹ്രസ്വ വൈദ്യപരിശോധനയും നടത്തും. ചുരുങ്ങിയത് 50 കിലോ ഗ്രാം ഭാരമുളളവരും 17 വയസ് പൂര്‍ത്തിയായ കാലാവധിയുളള റസിഡന്റ് ഐഡി ഉളളവരുടെ രക്തമാണ് ശേഖരിക്കുക. സൗജന്യമായി ആരോഗ്യ പരിശോധന നടത്താനുളള അവസരം കൂടിയാണ് രക്ത ദാനത്തിലൂടെ കൈവരിക്കുക. കഴിഞ്ഞ വര്‍ഷം സാംക്രമിക രോഗ ലക്ഷണമുളള രണ്ടു പേരെ കണ്ടെത്തുകയും ആരോഗ്യ മന്ത്രാലയം ചികിത്സ ലഭ്യമാക്കിയതായും സംഘാടകര്‍ വ്യക്തമാക്കി.

കേളി സില്‍വര്‍ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ക്യാമ്പ് ഈ വര്‍ഷം സജ്ജീകരിക്കും. ഏഴു വര്‍ഷം തുടര്‍ച്ചയായി റിയാദ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന ക്യാമ്പ് ഈ വര്‍ഷം റിയാദിന് പുറമെ അല്‍ഖര്‍ജ്, മജ്മ, അല്‍ ഖുവയ്യ, ദവാത്മി എന്നിവിടങ്ങളിലും നടത്തും. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവരെകൂടി രക്തദാനത്തില്‍ പങ്കാളികളാക്കി കൂടുതല്‍ യൂണിറ്റ് രക്തം ശേഖരിക്കുകയാണ് ലക്ഷ്യം.

കേളി അംഗങ്ങള്‍, കുടുംബ വേദി അംഗങ്ങള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാര്‍, വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ തുടങ്ങി വന്‍ ജനപങ്കാളിത്തമാണ് റിയാദ് ബ്‌ളഡ് ബാങ്കു നേതൃതം നല്‍കുന്ന രക്തദാന ക്യാമ്പില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിയാദ് ബ്ലഡ് ബാങ്കിന് പുറമെ സൗദി മിലിറ്ററി ആശുപത്രിയും രക്തം ശേഖരിക്കുന്നതിനു കേളിയെ സമീപിച്ചിരുന്നു. 1500 യൂണിറ്റ് രക്തം ദാനം ചെയ്യാന്‍ ധാതാക്കള്‍ സന്നദ്ധമായിരുന്നെങ്കിലും 1086 യൂണിറ്റ് രക്തം സ്വീകരിക്കാനേ കഴിഞ്ഞുളളൂ.

2016 മുതലാണ് വാര്‍ഷിക രക്ത ദാന ക്യാമ്പ് കേളി ആരംഭിച്ചത്. കൊറോണ മഹാമാരി വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ ക്യാമ്പ് നിര്‍ത്തി. അതിന് മുമ്പ് ആവശ്യക്കാര്‍ക്കനുസരിച്ച് വിവിധ ആശുപത്രിയില്‍ രക്തം ദാനം നല്‍കിയിരുന്നു. വാര്‍ഷിക ക്യാമ്പിന് പുറമെ രോഗികളുടെ ആവശ്യാര്‍ത്ഥം വിവിധ പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ 100 യൂണിറ്റിലധികം രക്തം ദാനം ചെയ്യുന്നുണ്ട്.
രക്ത ദാന ക്യാമ്പിന് കണ്‍വീനറായി മധു പട്ടാമ്പി, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, വൈസ് ചെയര്‍മാന്‍ എബി വര്‍ഗീസ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. രജിസ്‌ട്രേഷനു പ്രത്യേക സൗകര്യവും ഒരുക്കും. നാലുവര്‍ഷമായി മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ക്യാമ്പ് നടത്തുന്നത്.

വിദൂര പ്രദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ യൂണിറ്റായിരിക്കും രക്തം സ്വീകരിക്കുക. കേന്ദ്രീകരിച്ചുള്ള റിയാദിലെ ക്യാമ്പ് മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ താഴെ ഭാഗത്ത് ഒരേ സമയം 20 യൂണിറ്റ് രക്തം ശേഖരിക്കും. പുറത്ത് മൊബൈല്‍ യൂണിറ്റില്‍ രണ്ട് ബസ്സുകളിലായി ഒരേ സമയം 16 യൂണിറ്റ് രക്തവും ശേഖരിക്കും. രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5 വരെ നീണ്ടു നില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേളി ജീവകാരുണ്യ കമ്മറ്റി ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര 0502623622, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി 0506133010 എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം ട്രഷറര്‍ ജോസഫ് ഷാജി, സംഘാടക സമിതി ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവര്‍പങ്കെടുത്തുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.