റിയാദ്: അബ്ദുല്‍ റഹീം മോചനം സംബന്ധിച്ച് ശുഭവാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ലീഗല്‍ കോഓര്‍ഡിനേറ്റര്‍ ഒസാമ അല്‍ അമ്പര്‍. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം അന്തിമ വിധി ഉണ്ടാകും. അന്നു മോചന ഉത്തരവാകുമെന്നാണ് പ്രതീക്ഷ. റിയാദ് റഹീം സഹായ സമിതി പുറത്തുവിട്ട വീഡിയോയിലാണ് ഒസാമ അല്‍ അമ്പര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസ് പരിഗണിച്ചെങ്കിലും അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഗണ്ണിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തിയ്യതി ഉടന്‍ ലഭിക്കുമെന്നും റിയാദ് നിയമ സഹായ സമിതി അറിയിച്ചു.
സൗദി ബാലന്‍ അനസ് അല്‍ ശഹ്‌രി മരിച്ച സംഭവത്തില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം റിയാദ് അല്‍ ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ജെയിലില്‍ കഴിയുകയാണ്. റഹീമിനെതിരെ പബ്‌ളിക് പ്രോസിക്യൂഷന്‍ വിശദമായ സത്യവാങ്ങ്മൂലം നേരത്തെ സമര്‍പ്പിച്ചിരുന്നു. റഹീമിന്റെ കുറ്റസമ്മത മൊഴി, രണ്ടാം പ്രതി നസീര്‍ റഹീമിനെതിരെ നല്‍കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്നിവയാണ് കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്.
ഇത് വിശദമായി പഠിച്ചശേഷമാണ് റിയാദ് ക്രിമിനല്‍ കോടതി കേസ് വീണ്ടും ഇന്നു പരിഗണിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കു വിശദമായ മറുവാദങ്ങളും റഹീമിന്റെ അഭിഭാഷകന്‍ ഇന്നു സമര്‍പ്പിച്ചു. ഇതുകോടതി ഫയലില്‍ സ്വീകരിച്ചതിനു ശേഷമാണ് കേസ് മാറ്റിവെച്ചത്. റഹീമും മരിച്ച സൗദി ബാലനും തമ്മില്‍ മുന്‍വൈരാഗ്യമില്ലെന്നും കയ്യബദ്ധമാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് റഹീമിന്റെ വാദം. ദീര്‍ഘകാലം തടവു അനുഭവിച്ചുകഴിഞ്ഞതിനാല്‍ മോചിപ്പിക്കണമെന്നാണ് റഹീമിന്റെ ആവശ്യം. അടുത്ത സിറ്റിംഗില്‍ ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ലീഗല്‍ കോര്‍ഡിനേറ്റര്‍ ഒസാമ അല്‍ അംബര്‍ പറഞ്ഞു.
2016ലാണ് സൗദിയില്‍ ഹൗസ് ഡ്രൈവറായി അബ്ദുറഹീം തൊഴില്‍ തേടിയെത്തിയത്. ദീര്‍ഘ കാലത്തെ നിയമനടപടികള്‍ക്കൊടുവില്‍ 34 കോടി രൂപം ദിയാധനം നല്‍കി മരിച്ച സൗദി ബാലന്റെ കുടുംബത്തില്‍ നിന്ന് മാപ്പ് നേടി. ഇതോടെ ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കി. പബ്ലിക് റൈറ്റ് പ്രകാരമുള്ള നിയമനടപടികളാണ് റിയാദ് ക്രിമിനല്‍ കോടതി പരിഗണിക്കുന്നത്. വധശിക്ഷ റദ്ദാക്കിയതിന് ശേഷം മൂന്നാംതവണയാണ് റഹീമിന്റെ ഹര്‍ജി മാറ്റിവയ്ക്കുന്നത്. വധശിക്ഷയ്ക്ക് വിധിച്ച ബെഞ്ച് തന്നെ മോചന ഹര്‍ദിയില്‍ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം കേസ് മാറ്റിവച്ചത്. പിന്നീട് പ്രോസിക്യൂഷന്‍ വാദം പഠിക്കാനും കേസ് മാറ്റിവെച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.