
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഫാസിസവും ചെറുത്തുനില്‍പ്പുകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയ സമ്മേളനം.

ഏരിയാ കമ്മിറ്റി അംഗം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും, വസ്ത്രത്തിലുമുള്ള ഫാസിസത്തിന്റെ കടന്നു കയറ്റങ്ങള്‍ക്ക് ശേഷം വാക്കുകള്‍ക്ക് കൂടി കൂച്ചു വിലങ്ങിടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇന്ന് പാര്‍ലമെന്റിനകത്തെ നിരോധനം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമയം വിദൂരമല്ല. ഫാസിസത്തിന്റെ കടന്നു കയറ്റത്തെ ചെറുത്ത് നില്‍ക്കാന്‍ പൊതുജനത്തിന് നേതൃത്വം നല്‍കേണ്ട പ്രധാന പ്രതിപക്ഷം സ്വന്തം അണികളെയും നേതാക്കന്മാരെയും സംരക്ഷിക്കാന്‍ പോലും കഴിയാത്ത ദുര്‍ബ്ബലാവസ്ഥയിലാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

കേളി കേന്ദ്ര കമ്മിറ്റി അംഗവും, സാംസ്‌കാരിക സമിതി ചെയര്‍മാനുമായ പ്രദീപ് ആറ്റിങ്ങല്‍ മോഡറേറ്ററായിരുന്നു. ഏരിയാ സാംസ്‌കാരിക സമിതി കണ്‍വീനര്‍ നിസാം പത്തനംതിട്ട പ്രബന്ധം അവതരിപ്പിച്ചു. പ്രഭാകരന്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയാ രക്ഷാധികാരി സമിതി കണ്‍വീനര്‍ മധു ബാലുശ്ശേരി, ഏരിയാ സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ സരസന്‍, ഏരിയ ആക്ടിംഗ് പ്രസിഡന്റ് ജയഭദ്രന്‍ എന്നിവര്‍ സെമിനാറിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയാ സെക്രട്ടറി കിഷോര്‍ ഇ നിസാം സ്വാഗതവും ഏരിയാ രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത് നന്ദിയും പറഞ്ഞു.





