റിയാദ്: കേളി കലാസാംസ്‌കാരിക വേദി 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘കേളി ദിനം ‘റിയാദ് ജീനിയസ് 2024’ -ഗ്രാന്‍ഡ്മാസ്റ്റര്‍ ഷോ വിത്ത് മ്യൂസിക്കല്‍ നൈറ്റ് ഏപ്രില്‍ 19ന് റിയാദ് മലാസ് ലുലു റൂഫ് അരീനയില്‍ അരങ്ങേറും. ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായാണ് കേളി ദിനം ആഘോഷിക്കുന്നത്. ആദ്യ ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികള്‍ ഫെബ്രുവരി രണ്ടിന് ഷിഫയില്‍ അരങ്ങേറിയിരുന്നു. രണ്ടാം ഭാഗം പൊതുജനങ്ങള്‍ക്കായി നാട്ടില്‍ നിന്നുള്ള കലാകാരന്മാരെ അണിനിരത്തിയാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു.
‘റിയാദ് ജീനിയസ് പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ഒരുക്കുന്ന പരിപാടി പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നവ്യാനുഭവം സമ്മാനിക്കും. റിവേഴ്‌സ് ക്വിസ് മാസ്റ്ററായി ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ ഒരേയൊരു ഗ്രാന്‍മാസ്റ്റര്‍ ജിഎസ് പ്രദീപ് ഷോ നയിക്കും. സംഗീത ആല്‍ബങ്ങളിലും മാപ്പിളപ്പാട്ടുകളിലും ശ്രദ്ധ നേടി പിന്നണി ഗാന രംഗത്തും പ്രതിഭ തെളിയിച്ച നിര്‍മ്മാതാവുകൂടിയായ അന്‍വര്‍ സാദത്ത്, പിന്നണി ഗായികയും വയലിനിസ്റ്റും ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി ജയന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. റിയാദിലെ ഡാന്‍സ് സ്‌കൂളുകളിലെ കലാകാരന്മാരുടെ പ്രകടങ്ങള്‍, കേളി കുടുംബവേദി പ്രവര്‍ത്തകര്‍ പൊതു സമൂഹത്തെയും അണിനിരത്തി നടത്തുന്ന മെഗാ തിരുവാതിര തുടങ്ങി വിപുലമായ യും പരിപാടികള്‍ അരങ്ങേറും.
എന്റ്റര്‍റ്റേന്‍മന്റ്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ആക്ടിങ് ട്രഷറര്‍ സുനില്‍ സുകുമാരന്‍, കണ്‍വീനര്‍ മധു ബാലുശ്ശേരി, ആക്ടിങ് ചെയര്‍മാന്‍ റഫീഖ് പാലത്ത് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.