റിയാദ്: കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുളള സിനിമകള്‍ കാണാനും ചര്‍ച്ച ചെയ്യാനും വേദി ഒരുക്കി കേളി കുടുംബ വേദി ‘സിനിമ കൊട്ടക’ ആരംഭിച്ചു. ആദ്യ പ്രദര്‍ശനം ആസ്വദിക്കാനും ചര്‍ച്ച ചെയ്യാനും എത്തിയ പ്രേക്ഷകരെ സാക്ഷിയാക്കി എഴുത്തുകാരി ബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാ എന്ന മാധ്യമത്തിന്റെ ഉത്ഭവം മുതല്‍ എത്തിനില്‍ക്കുന്ന സമകാലിക സാഹചര്യം വരെ ഓരോ ഘട്ടത്തിലും സിനിമ വഹിച്ച പങ്കും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനവും കൈകാര്യം ചെയ്ത രാഷ്ട്രീയവും ബീന വിവരിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ‘സിനിമ കൊട്ടക’യുടെ ലോഗോ പ്രകാശനം ചലച്ചിത്ര പ്രവര്‍ത്തകനും റിയാദ് മീഡിയാ ഫോറം ജനറല്‍ സെക്രട്ടറിയുമായ ഷംനാദ് കരുനാഗപള്ളി നിര്‍വഹിച്ചു.
ബത്ഹ ഹോട്ടല്‍ ഡി പാലസില്‍ നടന്ന പരിപാടിയില്‍ കുടുംബ വേദി വൈസ് പ്രസിഡണ്ട് സജീന വി എസ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ സിനിമാ ‘സിനിമ കൊട്ടക’യുടെ ലക്ഷ്യം വിശദീകരിച്ചു.
ശ്രുതി ശരണ്യം സംവിധാനം ചെയ്തു കേരള ഫിലിം വികസന കോര്‍പറേഷന്‍ നിര്‍മിച്ച ബി 32 മുതല്‍ 44 വരെ എന്ന സിനിമ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പു. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ വീക്ഷിച്ച പ്രേക്ഷകര്‍, സിനിമയുടെ പ്രമേയവും വിവിധ പ്രായക്കാരായ ആസ്വാദകരെ ഏതൊക്കെ തരത്തില്‍ സ്പര്‍ശിച്ചു എന്നും ചര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മുതിര്‍ന്നവര്‍, സ്ത്രീകര്‍, തൊഴിലാളികര്‍ തുടങ്ങി പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിജിന്‍ കൂവള്ളൂര്‍ മോഡറേറ്ററായിരുന്നു.
‘കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക’ എന്നതാണ് സിനിമ കൊട്ടകയുടെ മുദ്രാവാക്യം. നാട്ടിലെ ഫിലിം സൊസൈറ്റികളുടെ മാതൃകയില്‍ റിയാദില്‍ വേദി ഒരുക്കിയതിലൂടെ സിനിമയും അതിന്റെ ഉള്ളറകളും, വിനോദത്തിനൊപ്പം സിനിമയെ എങ്ങനെ ഗൗരവപൂര്‍വ്വം വീക്ഷിക്കാം എന്നും മനസിലാക്കുക എന്നതാണ് സിനിമ കൊട്ടകയുടെ പ്രഥമ ലക്ഷ്യം.
സാമൂഹ്യ പ്രതിബദ്ധതയോടെ സിനിമകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിനിമ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പ്രവാസി സമൂഹത്തിന് കൂടുതല്‍ അറിവുകള്‍ നല്‍കുവാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. മാസത്തില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കും. ദേശ ഭാഷാ വ്യത്യാസമന്യേ, സ്ത്രീ പ്രവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക് പ്രധാന്യം നല്‍കും. കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം ഗീതാ ജയരാജ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.