റിയാദ്: വിദേശത്ത് നിന്നു നാട്ടിലെത്തിയ പ്രവാസികളെ സ്വീകരിക്കുന്നതിലും അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്നതിലും അധികൃതര്‍ കാണിക്കുന്ന നിരുത്തരവാദിത്വം പ്രതിഷേധാര്‍ഹമാണെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. പ്രവാസികള്‍ രോഗ വാഹകരാണെന്ന രീതിയില്‍ ശത്രുതാ പരമായ പെരുമാറ്റമാണ് ചിലര്‍ പുലര്‍ത്തുന്നത്. തിരുവനന്തപുരത്ത് നിന്നു കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലേക്ക് തിരികെ പോകുന്ന രോഗികളും ഗര്‍ഭിണികളൂമടക്കമുള്ള യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യം നിഷേധിക്കുകയും കുടിവെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ്ണ സജ്ജമാണെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ നിന്നു കോഴിക്കോട്ടെത്തിയ യാത്രക്കാര്‍ക്ക് ഫറോക്കില്‍ ഒരുക്കിയ ക്വാറന്റൈന്‍ സൗകര്യം പ്രവാസികളെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. വൃത്തിഹീനമായ മുറികളും ഉപയോഗ ശൂന്യമായ ബാത്ത് റൂം സൗകര്യങ്ങളൂം നല്‍കിയപ്പോള്‍ പ്രതിഷേധിച്ച യാത്രക്കാരെ ഭീഷണിപ്പെടുത്തുകയാണ് പോലീസും മുനിസിപ്പല്‍ അധികൃതരും ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ ഇനിയും മടങ്ങി വരാനിരിക്കുമ്പോള്‍ ഇവര്‍ക്ക് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയും അധികൃതരുടെ സമീപനവും പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്.
വിവിധ രാജ്യങ്ങളില്‍ നിന്നു മാസങ്ങളായി ആധിയിലും ആശങ്കയിലും കഴിഞ്ഞിരുന്നവരാണ് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. ജോലിയോ വരുമാനമോ ഇല്ലാതെ കടം വാങ്ങിയ ടിക്കറ്റുമെടുത്ത് സ്വന്തം നാട്ടിലെത്തിയപ്പോള്‍ അവരെ ഭീകര ജീവികളെ കാണുന്ന പോലെയാണ് പോലീസും സമീപിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ദൂരെ ദിക്കിലേക്ക് തിരിക്കേണ്ട യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളും ഭക്ഷണവും നല്‍കാന്‍ അധികൃതര്‍ തയ്യാറാവണം. അതോടൊപ്പം മാന്യമായ രീതിയില്‍ അവര്‍ക്ക് ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യമൊരുക്കാനും അവര്‍ക്ക് ഭക്ഷണമെത്തിക്കാനും സര്‍ക്കാര്‍ തയാറാവണമെന്നും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
