Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

യെച്ചൂരിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഹേളനം: കെഎംസിസി

റിയാദ്: പ്രവാസി തപാല്‍ വോട്ട് സംബന്ധിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പ്രവാസി സമൂഹത്തോടുള്ള അവഹേളനമാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. പ്രവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണിത്. പണത്തിനുവേണ്ടി പ്രവാസി വോട്ടും വില്‍ക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തല്‍ പ്രവാസിയുടെ മനസ്സറിയാത്ത പ്രസ്ഥാനത്തിന്റെ അമരക്കാരനാണെന്നു തെളിയിച്ചിരിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ കുഴപ്പങ്ങളുണ്ടെങ്കില്‍ അത് ചൂണ്ടികാട്ടണം. അതിന് പകരം പ്രവാസിയെ കരിവാരിത്തേക്കുന്ന അഭിപ്രായത്തെ പ്രവാസി സമൂഹം പുച്ഛത്തോടെ തള്ളിക്കളയും.

നാടിനും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി ജീവന്‍ പോലും പണയം വെക്കുന്നവനാണ് പ്രവാസി. അതിന്റെ ഫലങ്ങളാണ് യെച്ചൂരിയുടെ കക്ഷി ഭരിക്കുന്ന കേരളത്തിലും മറ്റും നിലനില്‍ക്കുന്ന സമ്പദ്ഘടന. എന്നാല്‍ ആരുടെ മുന്നിലും അഭിമാനം പണയം വെക്കാന്‍ പ്രവാസികളെ കിട്ടില്ല. ഉല്‍ബുദ്ധരാണ് പ്രവാസികള്‍. ഓരോ ചലനങ്ങളെയും കൃത്യമായി നിരീക്ഷിക്കുന്നവരാണവര്‍. ‘കറവപ്പശുക്കളെ’ എവിടെയും കെട്ടാമെന്നത് വ്യാമോഹം മാത്രമാണ്.

പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ മാനേജര്‍മാരുടെ കൈവശമായതിനാല്‍ പ്രവാസി സമ്മദര്‍ദ്ദത്തിലാകുമെന്നാണ് യെച്ചൂരിയുടെ പക്ഷം. ഗള്‍ഫ് നാടുകളടക്കം വിദേശങ്ങളില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാരും കമ്പനിയും കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. ഇവിടെ പ്രവാസിയുടെ വോട്ടും പാസ്‌പോര്‍ട്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. പ്രവാസികളെ അപമാനിക്കുകയാണ് യച്ചൂരി ചെയ്തത്. ഓരോ വിദേശ രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ എംബസ്സിയിലും കോണ്‍സുലേറ്റിലും എത്തി വോട്ട് ചെയ്യട്ടെയെന്ന നിലപാട് പല രാജ്യങ്ങളിലും അപ്രായോഗികമാണ്. പ്രവാസി വോട്ട് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ തങ്ങളുടെ സാഹചര്യം പരിതാപകരമാണെന്ന് മനസ്സിലാക്കിയാണ് പ്രവാസിസമൂഹം കാലമേറെയായി ആവശ്യപ്പെടുന്ന വോട്ടവകാശത്തെ തടസ്സപ്പെടുത്തുന്നത്.

കോവിഡ് കാലത്ത് ഭരണകൂടങ്ങള്‍ കാട്ടിയ ക്രൂരത മനസ്സിലാക്കിയവരാണ് പ്രവാസികള്‍. ഭരണകൂടത്തിന്റെ പിടിവാശി മൂലം ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ അനാഥമായി. വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന പ്രവാസി സഹോദരങ്ങള്‍ കോവിഡിന്റെ പിടിയില്‍ നിന്ന് രക്ഷ നേടാന്‍ എങ്ങിനെയെങ്കിലും സ്വന്തം വീട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് യാചിച്ചിട്ടും അവരെ അവഗണിച്ചു. ഇങ്ങിനെയുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതില്‍ ഭരണനേതൃത്വത്തിലുള്ളവര്‍ക്ക് താല്പര്യം കാണില്ലെന്ന് അറിയാം. ഒട്ടേറെ കുടുംബങ്ങളുടെ അത്താണി നഷ്ടപ്പെടുത്തിയ ഭരണകൂടത്തോടുള്ള പ്രതിഫലനമാകും വോട്ടവകാശത്തിലൂടെ പ്രവാസികളും അവരുടെ കുടുംബങ്ങളും നിര്‍വഹിക്കുകയെന്നും കെഎംസിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top