Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഹരിതക്കു പിന്നാലെ വീണ്ടും മരവിപ്പിക്കല്‍; റിയാദില്‍ കെഎംസിസി പ്രവര്‍ത്തനം മരവിപ്പിച്ച് ലീഗ്


റിയാദ്: സംഘടനാ പ്രശ്‌നങ്ങളെ തുടര്‍ന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടേയും മലപ്പുറം ജില്ല കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുവാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ലീഗ് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം ഒപ്പ് വെച്ച കത്താണ് ഇരു കമ്മിറ്റികള്‍ക്കും നല്‍കിയത്.

റിയാദിലെ കെഎംസിസിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ല കമ്മിറ്റിയെ മരവിപ്പിക്കുകയും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്‌ഹോക്ക് കമ്മിറ്റിയെ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിക്ക് അങ്ങിനെ തീരുമാനമെടുക്കുവാന്‍ ഭരണഘടനാപരമായി അവകാശമില്ലെന്നും അതംഗീകരിക്കുവാന്‍ കഴിയില്ലെന്നും മലപ്പുറം ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു. രണ്ട് വിഭാഗങ്ങളും മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി സമര്‍പ്പിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ പരിഹാര ശ്രമങ്ങള്‍ നടത്തുകയാണെന്നും ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നും അതുവരെ ഇരു കമ്മിറ്റികളും യോഗം ചേരുകയോ, പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനോ പാടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിരേഖാമൂലം ഇരു കമ്മിറ്റികളെയും അറിയിച്ചു. കഴിഞ്ഞ ദിവസം റിയാദ് കെഎംസിസി സംഘടിപ്പിച്ച മലപ്പുറം ജില്ല കമ്മിറ്റിയുടെ പരിപാടി മാറ്റിവെപ്പിക്കുവാന്‍ സെന്‍ട്രല്‍ കമ്മിറ്റി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അന്ന് നിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പരിപാടി നടത്തി. ഇതാണ് വീണ്ടും സെന്‍ട്രല്‍ കമ്മിറ്റി പരാതി നല്‍കാന്‍ കാരണമെന്നാണ് സൂചന. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ല കമ്മിറ്റിയെ മരവിപ്പിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിയും മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.

റിയാദില്‍ കെഎംസിസിയിലെ സംഘടനാ രംഗത്തുളള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ സംസ്ഥാന സമിതിക്ക് ലഭിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുളള പി എം എ സലാം റിയാദിലെ സംഘടനാ നേതൃത്വത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി. പരാതികള്‍ പരിശോധിച്ചു വരുകയാണെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തും. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ കമ്മറ്റിയും മലപ്പുറം ജില്ലാ കമ്മറ്റിയും യോഗം ചേരരുതെന്നും ജനറല്‍ സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top