Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

നവംബര്‍ അവസാനത്തോടെ വിദേശത്ത് കുടുങ്ങിയവരുടെ മടക്കം പൂര്‍ത്തിയാക്കും?

റിയാദ്: യാത്രാ നിരോധനത്ത തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് മടങ്ങി വരാന്‍ കഴിയാത്തവരുടെ ഇഖാമയും റീ എന്‍ട്രി വിസയും രണ്ട് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യം സെപ്തംബര്‍ 30ന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് 2021 നവംബര്‍ 30 വരെ ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്നത്. സന്ദര്‍ശന വിസ നേടിയവര്‍ക്ക് വിസാ കാലാവധി കഴിഞ്ഞാല്‍ നീട്ടി നല്‍കുമെന്നും അധികൃതര്‍ വിശദീകരിച്ചു. ഇഖാമ, റീഎന്‍ട്രി എന്നിവ ദീര്‍ഘിപ്പിക്കുന്നതിന് പ്രത്യേക അപേക്ഷ നല്‍കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന യാത്ര ഇനിയും വൈകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാല്‍ അടുത്ത മാസം മുതല്‍ നേരിട്ടുളള വിമാന യാത്രക്ക് അനുമതി നല്‍കുമെന്നും വിലക്കുളള രാജ്യങ്ങളില്‍ നിന് മടങ്ങി വരാന്‍ രണ്ടുമാസം സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

നേരിട്ടുളള യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉള്‍പ്പെടെയുളള പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസമാണ് സൗജന്യമായി വിസ നീട്ടി നല്‍കുന്ന തീരുമാനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങി ജി സി സി രാജ്യങ്ങള്‍ ഇടത്താവളമാക്കി സൗദിയിലെത്താനും സൗകര്യമുണ്ട്. 14 ദിവസത്തെ ക്വാറന്റൈന്‍ പാക്കേജിന് ഒന്നര ലക്ഷം രൂപയില്‍ കൂടുതലാണ് കേരളത്തില്‍ നിന്നു ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കിയിരുന്നത്. സൗദി അറേബ്യ യുഎഇയില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് പിന്‍ വലിച്ചതോടെ 90,000 റിയാലിന് ചില ഏജന്‍സികള്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ വിലക്കുളള രാജ്യങ്ങളില്‍ കഴിയുന്ന നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന, എന്നാല്‍ നയതന്ത്ര പരിരക്ഷ ഇല്ലാത്തവര്‍ക്കും അന്താരാഷ്ട്ര ഏജന്‍സികളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദിയിലേക്ക് നേരിട്ട് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

എയര്‍പോര്‍ട്ടിലെ തിരക്ക് കുറക്കുന്നതിന് ഘട്ടംഘട്ടമായി യാത്രാ വിലക്ക് എടുത്തു കളയുന്ന സമീപനമാണ് സൗദി അറേബ്യ സ്വീകരിക്കുന്നത്, അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് അടുത്ത രണ്ട് മാസത്തിനിടെ രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരം ഒരുക്കുന്നതിനാണ് ഇഖാമയും റീ എന്‍ട്രി വിസയും സൗജന്യമായി പുതുക്കി നല്‍കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top