റിയാദ്: പ്രവാസികളുടെ കരുതല്‍ നാട്ടിലുളളവരോട് മാത്രമല്ല. പ്രവാസികള്‍ക്ക് പ്രവാസികളോടും കരുതലും സ്‌നേഹവുമുണ്ട്. അത് തെളിയിക്കുന്നതാണ് റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ സേവന പ്രവര്‍ത്തനങ്ങള്‍. വിമാന യാത്രക്കാര്‍ക്ക് കൊവിഡ് പ്രതിരോധ കവചം സമ്മാനിച്ചാണ് ഇത്തവണ കെ എം സി സി ശ്രദ്ധനേടിയത്.

റിയാദില്‍ നിന്ന് കോഴിക്കോടേക്ക് പോയ യാത്രക്കാര്‍ക്കാണ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കെ എം സി സി പ്രവര്‍ത്തകര്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വൈറസ് പ്രതിരോധത്തിനുളള കവറോള്‍ സമ്മാനിച്ചത്. 152 യാത്രക്കാരാണ് കഴിഞ്ഞ ദിവസം റിയാദില്‍ നിന്നു കേരളിത്തിലെത്തിയത്. ഇതില്‍ നൂറിലധികം യാത്രക്കാര്‍ക്ക് പ്രതിരോധ കവചം സമ്മാനിച്ചു. രാവിലെ ഒന്‍പത് മുതല്‍ യാത്രക്കാരെ സഹായിക്കാന്‍ കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇതിനു പുറമെ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്തു. എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്നു പ്രത്യേകം അനുമതി നേടിയാണ് ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്തത്. മാനവിക മുഖമുളള കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മികച്ച മാതൃകയാണ് കെ എം സി സിയുടേത്. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, നൗഷാദ് ചാക്കീരി, മുഹമ്മദ് തളിപ്പറമ്പ്, ഹുസൈന്‍ കുപ്പം, ഫളല്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.