റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി കായിക വിഭാഗം ‘സ്‌കോര്‍’ സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് 32’ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 16, 23 തീയ്യതികളില്‍ നടക്കും. റിയാദ് അല്‍മുതുവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കെഎംസിസി കമ്മിറ്റി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 32 ടീമുകളാണ് മാറ്റുരക്കുന്നത്. അയ്യായിരം റിയാലാണ് പ്രൈസ് മണി. ജയ് മസാല ആന്‍ഡ് ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുളളത്. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റൂട്ട് 106 എന്നപേരില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രത്യേക സമ്മേളനങ്ങള്‍ ആരംഭിച്ചു. സൂപ്പര്‍ 16 എന്ന പേരില്‍ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനങ്ങളും സംഘടിപ്പിക്കും.
മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടപ്പിലാക്കിയ സീതി സാഹിബ് അക്കാദമിയ സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഓഫ് ക്യാമ്പസ് റിയാദില്‍ സ്ഥാപിക്കും. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. സംഘടനക്കകത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ചു വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞ ദിവസം നടന്നു. മരണപ്പെട്ട നേതാക്കളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന നേതൃസ്മൃതി, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, കുട്ടികളെ സംഘടിപ്പിച്ചുള്ള എംഎസ്‌നഎഫ് ബാലകേരളം, വനിത കെഎംസിസിക്ക് ജില്ലാ തല ഘടകം രൂപീകരിക്കല്‍ തുടങ്ങിയ പരിപാടികള്‍ അടുത്ത മാസങ്ങളിലായി നടക്കും.
മലപ്പുറത്തിന്റെ വൈവിദ്ധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കും. മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാര്‍ദ്ദം, മാതൃക തുടങ്ങിയ വിഷയങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചക്കെടുക്കുകയാണ് ഫെസ്റ്റിന്റെ ഉദ്ദേശം. മലബാറിന്റെ മാപ്പിള കലകള്‍ കോര്‍ത്തിണക്കി മാപ്പിള മലബാര്‍ കളോത്സവം ദി വോയേജിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ജയ് മസാല ആന്‍ഡ് ഫുഡ്‌സ് എം ഡി വിജയ് വര്‍ഗീസ് മൂലന്‍, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാട്, ജനറല്‍ കണ്‍വീനര്‍ മൊയ്ദീന്‍ കുട്ടി പൊന്മള, കോഓര്‍ഡിനേറ്റര്‍ നൗഷാദ് ചക്കാല, ഹാരിസ് തലാപ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.