റിയാദ്: അംഗപരിമിതിയെ അതിജയിച്ച് 15 രാജ്യങ്ങള്‍ കടന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുകയാണ് ഇന്ത്യക്കാരനായ യുവാവ്. ഇലക്ട്രിക് മുച്ചക്ര വാഹനത്തിലാണ് യാത്ര. 28 വയസുകാരനായ ബീഹാര്‍ ഗയ ജില്ലയിലെ തെക്കേരി സ്വദേശി മുഹമ്മദ് ഹാഷിം ഇമാം 40,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് റിയാദിലെത്തിയത്. അരക്കുതാഴെ ജന്മനാ ചലനം നഷ്ടപ്പെട്ട ഹാഷിമിന്റെ ഇച്ഛാശക്തിയും ആത്മധൈര്യവുമാണ് വിജയകരമായി യാത്ര തുടരാന്‍ സഹായിക്കുന്നത്.
രണ്ടു വര്‍ഷമായി തുടരുന്ന യാത്രയില്‍ 20 ശതമാനം വിമാനത്തിലും ഇതര വാഹനങ്ങളിലുമാണ് സഞ്ചരിച്ചത്. ബാക്കി 80 ശതമാനവും മുച്ചക്രവാഹനമാണ് ഹാഷിമിന് കൂട്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോ മീറ്റര്‍ ദൂരം ഇലക്ട്രിക് വീല്‍ ചെയറില്‍ സഞ്ചരിക്കാന്‍ കഴിയും. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്ന വേഗതയില്‍ എവിടെയും ബാറ്ററി റീചാര്‍ജ്ജ് ചെയ്യാo. ഫുള്‍ ചാര്‍ജ്ജുളള അധിക ബാറ്ററി, ടയര്‍, അത്യാവശ്യം അറ്റകുറ്റപ്പണിക്കുളള സാമഗ്രികള്‍, വിശ്രമത്തിന് ആവശ്യമായ സാധനങ്ങള്‍ എന്നിവയെല്ലാം കരുതിയിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മുച്ചക്രം ഇതുവരെ ചതിച്ചിട്ടില്ലെന്ന് ഹാഷിം സാക്ഷ്യപ്പെടുത്തുന്നു.
അപരിചിതരുടെ ട്രക്കിലും വീല്‍ ചെയര്‍ കയറ്റാന്‍ സൗകര്യമുളള വാഹനങ്ങളിലുമാണ് റോഡ് മാര്‍ഗം രാജ്യാതിര്‍ത്തികള്‍ കടക്കുക. നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കും വാഹനങ്ങളെ ആശ്രയിക്കും. ദമ്മാമില്‍ നിന്നാണ് റിയാദിലെത്തിയത്. സൗജന്യമായി തരപ്പെടുത്തുന്ന യാത്രയില്‍ ഓരോ പ്രദേശത്ത് എത്തുമ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി താമസ സൗകര്യം അഭ്യര്‍ത്ഥിക്കും. കുടിലോ ടെന്റോ ഏതാണെങ്കിലും മതിയെന്നാണ് അഭ്യര്‍ത്ഥന. റിയാദ് ടാക്കീസ് കോഓര്‍ഡിനേറ്റര്‍ ഷൈജു പച്ചയും സുഹൃത്തുക്കളായ ഷഫീഖ് വാലിയ, റജീസ് എന്നിവരാണ് റിയാദില്‍ ആതിഥ്യം നല്‍കി ഹിഷാമിനെ സ്വീകരിച്ചത്.
ലോകത്ത് ആദ്യമായാണ് അംഗപരിമിതനായ ഒരാള്‍ ഒറ്റയ്ക്ക് ലോക സഞ്ചാരം നടത്തുന്നത്. അംഗപരിമിതരുടെ ശാക്തീകരണമാണ് യാത്രയുടെ ലക്ഷ്യം. ഓരോ രാജ്യത്തെയും അംഗപരിമിതരെ അടുത്തറിയാനും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുമാണ് യാത്ര. മാത്രമല്ല, ഇവ വിശകലനം ചെയ്തു അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. കന്യാകുമാരിയില്‍ നിന്നു സിയാച്ചിന്‍ വഴി ബംഗഌദേശിലെത്തി. തുടര്‍ന്ന് മലേഷ്യ, തായ്‌ലന്റ്, കംബോഡിയ, വയറ്റ്‌നാം, ചൈന, റഷ്യ, ഉസ്ബക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ഒമാന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് സൗദിയിലെ ദമ്മാമില്‍ എത്തിയത്. സൗദിയിലെ വിവിധ പ്രവിശ്യകള്‍ സന്ദര്‍ശിക്കുമെന്നും ഹിഷാം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.