റിയാദ്: നേരിന്റെയും നന്മയുടെയും പക്ഷം ചേരാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് റിയാദ് മലപ്പുറം ജില്ല സംസ്‌കൃതി സംഘടിപ്പിച്ച ‘പക്ഷം ചേരുന്ന മാധ്യമ സംസ്‌കാരം’ സംവാദം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ നീതിയുടെ പക്ഷം ചേരുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുവാനും അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. വ്യാവസായിക താല്‍പര്യങ്ങള്‍ മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ കാതലാണെങ്കിലും ധാര്‍മ്മിക പരിസരത്ത് നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് സംവാദം ഉദ്ഘാടനം ചെയ്ത ഗ്രേസ് എഡ്യൂകേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി പറഞ്ഞു.
മാധ്യമ സാക്ഷരത കൈവരിക്കുക എന്നത് സുപ്രധാനമാണ്. ചില വിഷയങ്ങളില്‍ അമിത താല്പര്യം കാണിക്കുന്ന മാധ്യമങ്ങളുടെ നിലപാട് നീതീകരിക്കാന്‍ കഴിയില്ല. വാര്‍ത്തകളെ മാധ്യമ സ്ഥാപനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കഥകളാക്കുന്ന മാധ്യമ രീതി ആരോചകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു.
എം ടി അബ്ദുള്ള മുസ്ല്യാര്‍ സമസ്തയുടെ നിലപാട് ഓര്‍മ്മിപ്പിച്ചതിനെതിരെ മാധ്യമങ്ങള്‍ സംഘടിതമായി നേരിട്ട രീതി പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ പ്രതിനിധി ഷാഫി തുവ്വൂര്‍ പറഞ്ഞു. സമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധങ്ങള്‍ മുഖ്യധാര മാധ്യമങ്ങളുടെ അജണ്ടകളായി പരിണമിക്കുന്നുണ്ട്. ഇത് തിരിച്ചറിയുവാന്‍ സാധിക്കണം. അത്തരം ആസൂത്രിത പൊതുബോധ നിര്‍മ്മിതിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒ ഐ സി സി പ്രതിനിധി നൗഫല്‍ പാലക്കാടന്‍ ചൂണ്ടിക്കാട്ടി.
വ്യാജ വാര്‍ത്തകളുടെ തോതും മാധ്യമങ്ങളുടെ ഭരണകൂട വിധേയത്വവും വലിയ അപകടമാണ്. ഇത്തരം അനുകരണങ്ങള്‍ കേരളത്തിലേക്കും പടരുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധ്യമാകണമെന്ന് പ്രവാസി സാംസ്‌കാരിക വേദി പ്രതിനിധി ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു. അവസരം കിട്ടിയാല്‍ ഒരു പ്രത്യേക വിഭാഗത്തെ പരിധിവിട്ട് ആക്രമിക്കുന്ന മാധ്യമ സംസ്‌കാരം വകവെച്ച് നല്‍കാന്‍ കഴിയില്ല. എല്ലാവര്‍ക്കും പറയാനും പ്രവര്‍ത്തിക്കുവാനും സ്വാതന്ത്ര്യമുള്ള രാജ്യത്ത് അവ സംരക്ഷിക്കപ്പെടണം. അവകാശത്തിന് വേണ്ടിയാണ് എക്കാലത്തും മുസ്‌ലിം ലീഗ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ശബരിമല വിഷയത്തിലും മാധ്യമ വിലക്കിലും ലീഗ് ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ നീതി നിഷേധത്തിനെതിരെയാണെ കെഎംസിസി പ്രതിനിധി സത്താര്‍ താമരത്ത് വ്യക്തമാക്കി.
വിശ്വാസി എന്ന നിലയില്‍ എന്നെപോലുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമെതിരെ നിലകൊണ്ട പ്രത്യാശാസ്ത്രമല്ല ഇസ്‌ലാമെന്ന് അധ്യാപികയും മലപ്പുറം ജില്ല കെഎംസിസി വനിതാ വിഭാഗം പ്രതിനിധിയുമായ അഷീഖ ഉലുവാന്‍ പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസം നേടാന്‍ പ്രോത്സാഹനം നല്‍കിയ മതമാണ് ഇസ്‌ലാമെന്നും അവര്‍ പറഞ്ഞു. നസ്‌റുദ്ദീന്‍ വി ജെ, അഡ്വ. അബ്ദുല്‍ ജലീല്‍, അഷീഖ ഉലുവാന്‍, ബാരിഷ് ചെമ്പകശ്ശേരി, സത്താര്‍ താമരത്ത് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ഷാഫി ചിറ്റത്തുപാറ സ്വാഗതവും മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.