Sauditimesonline

SaudiTimes

145 ഗര്‍ഭിണികള്‍ സഹായം തേടിയതായി കെഎംസിസി; റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി നിവേദനം സമര്‍പ്പിച്ചു

റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പ്രവാസ ലോകത്ത് കുടുങ്ങിപ്പോയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മറ്റി സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. യാത്രാ നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ഗര്‍ഭിണികള്‍, രോഗികള്‍, വിസിറ്റ് വിസ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ട് ഫൈനല്‍ എക്‌സിറ്റ് കാത്ത് നില്‍ക്കുന്നവര്‍, തൊഴില്‍ കരാര്‍ തീര്‍ന്നവര്‍, മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍, വാര്‍ഷികാവധിക്ക് നാട്ടില്‍ പോകാന്‍ നില്‍ക്കുന്നവര്‍ തുടങ്ങി ആയിരക്കണക്കിന് മലയാളികളാണ് റിയാദില്‍ മാത്രമുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കെഎംസിസി കമ്മറ്റി പ്രത്യേകം തയ്യാറാക്കിയ ഗൂഗ്ള്‍ ഫോം ഉപയോഗിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ വിവരശേഖരണത്തില്‍ 145 ഗര്‍ഭിണികള്‍, ജോലി നഷ്ടമായ 255 പേര്‍, ഫൈനല്‍ എക്‌സിറ്റ് ആയവര്‍ 171, വിസിറ്റ് വിസ കാലാവധി തീര്‍ന്നവര്‍ 123, പ്രായമായവര്‍ 29, വാര്‍ഷികാവധിക്ക് നാട്ടില്‍ പോകേണ്ടവര്‍ 264, മറ്റുകാരണങ്ങള്‍ കൊണ്ട് നാട്ടില്‍ പോകേണ്ടവര്‍ 159 എന്നിങ്ങനെ നിരവധി പേര്‍ റിയാദില്‍ മാത്രം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികളുടെ എണ്ണം ഇതിലും കൂടുതല്‍ ആയിരിക്കും. അതിനാല്‍ മുന്‍ഗണനാ ക്രമത്തില്‍ ഇത്തരത്തില്‍ പ്രയാസമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സത്വര നടപടികളുണ്ടാകണം എന്നും ജില്ലാ കെഎംസിസി ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള വിവിധ എം പി മാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ നിവേദനം സമര്‍പ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top