റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആറാം വാര മത്സത്തില്‍ ലാന്റെണ്‍ എഫ്‌സിക്കെതിരെ അസീസിയ സോക്കറിന്റെ ഗോള്‍ മഴ. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കര്‍ ആധികാരിക ജയം നേടി.
അത്യന്തം വാശിയേറിയ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകളുടെ പെരുമഴ പെയ്തു. ആറു ഗോളുകളാണ് രണ്ടാം പകുതിയില്‍ പിറന്നത്. വാര്‍ ചെക്കിങ്ങിലൂടെ രണ്ടു ഗോളുകള്‍ ഓഫ് സൈഡില്‍ കലാശിച്ചു.
കളിയുടെ മുപ്പത്തി ആറാം മിനുട്ടിലും അറുപതാം മിനുട്ടിലും ഏഴാം നമ്പര്‍ താരം ഷുഹൈബ് സലീം അസീസിയക്ക് വേണ്ടി രണ്ടു ഗോളുകള്‍ നേടി. അന്‍പതാം മിനുട്ടില്‍ ഒന്‍പതാം നമ്പര്‍ താരം ഫാസിലും അറുപതാം മിനുട്ടില്‍ 122ആം നമ്പര്‍ താരം ഷുഹൈലും ഓരോ ഗോളുകള്‍ വീതവും നേടി.
ആദ്യ പകുതിയുടെ ഇരുപത്തി മൂന്നാം മിനുട്ടില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലാന്റെണ്‍ എഫ്‌സിയുടെ മൂന്നാം നമ്പര്‍ താരം ലെഫ്റ്റ് വിങ് ബാക്ക് മുഹമ്മദ് അഫ്മദ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നു. തുടര്‍ന്ന് പത്ത് പേരുമായാണ് ലാന്റെണ്‍ കളി പൂര്‍ത്തിയാക്കിയത്.
തന്ത്രപ്രധാനമായ ഭാഗത്തു നിന്നും പ്രധാന കളിക്കാരനെ നഷ്ടപ്പെട്ടത് ലാന്റെണ്‍ എഫ്‌സിക്ക് തിരിച്ചടിയായി. അവസരം മുതലെടുത്ത് അസീസിയ സോക്കര്‍ ശക്തമായ മുന്നേറ്റം നടത്തി. തുടര്‍ച്ചയായി ഗോളുകള്‍ വീണെങ്കിലും ഒരു ഏകപക്ഷീയമായ കളിയായിരുന്നില്ല
അവസാന നിമിഷം വരെയും. ഏത് നിമിഷവും ഒരു തിരിച്ചു വരവ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലാന്റെണ്‍ എഫ്‌സിക്കായി എന്നത് കളിയില്‍ എടുത്ത് പറയേണ്ടത് തന്നെയാണ്.
അത്യന്തം ആവേശവും വാശിയുമേറിയ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു. അസീസിയ വിജയിച്ചതോടെ ഗ്രൂപ്പ് ബിയില്‍ മത്സരം കൂടുതല്‍ കടുത്തു. മൂന്നു വീതം കളികളില്‍ നിന്നായി നാല് പോയിന്റുകള്‍ വീതം നേടി ഇരു ടീമുകളും പോയിന്റ് നിലയില്‍ തുല്യരായി. എന്നാല്‍ ഗോള്‍ ശരാശരിയില്‍ അസീസിയക്കാണ് മുന്‍തൂക്കം. ഗ്രൂപ്പിലെ അടുത്ത ടീമുകളുടെ മത്സരം കൂടി പൂര്‍ത്തി ആയാല്‍ മാത്രമേ സെമി സാധ്യതകള്‍ നിര്‍ണ്ണയിക്കാന്‍ സാധിക്കൂ. മികച്ച കളിക്കാരനായി അസീസിയ സോക്കറിന്റെ ഷുഹൈബ് സലീമിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരന് ഹൈബിടെക് നല്‍കുന്ന ഉപഹാരം ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മറ്റി അംഗം ഇംതിയാസ് നല്‍കി. കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫല്‍ യു സി, നിസാറുദ്ധീന്‍, രാമകൃഷ്ണന്‍ കുടുംബവേദി കേന്ദ്രകമ്മറ്റി അംഗങ്ങളായ വിജില ബിജു, ലാലി രജീഷ് എന്നിവര്‍ കളിക്കരുമായി പരിചയപ്പെട്ടു.
ആദ്യമത്സരത്തില്‍ റിയാദ് ലജന്‍സ് ടീം കേളി വാരിയേഴ് സൗഹൃദ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റിയാദ് ലജന്‍സ് ടീം വിജയിച്ചു. ആദ്യകാല ഫുട്ബാള്‍ കളിക്കാരായ റിയാദ് ലജന്‍സ് ടീം ഒരുകാലത്ത് റിയാദിലെ പ്രമുഖ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ കളിക്കാരുടെ കൂട്ടായ്മയാണ്. കേളിയുടെ പ്രവര്‍ത്തകരും റെഡ്സ്റ്റാര്‍ ക്ലബ്ബിലെ ആദ്യകാല കളിക്കാരുമായി ഏറ്റുമുട്ടിയ മല്‍സരം കാണികളില്‍ ആവേശവും ആഹ്ലാദവും പകര്‍ന്നു.
മികച്ച കളിക്കാരനായി റിയാദ് ലജന്‍സ് ടീമിലെ ജംഷി മാമ്പടിനെ തിരഞ്ഞെടുത്തു. ജംഷിക്ക് കേളി നല്‍കുന്ന ഉപഹാരം ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കണ്‍വീനര്‍ ഷറഫുദ്ധീന്‍ പന്നിക്കോട് കൈമാറി.
സൗഹൃദമത്സരത്തില്‍ രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ ഗഫൂര്‍ ആനമാങ്ങാട്, ജാഫര്‍ ഖാന്‍, ഭക്ഷണ കമ്മറ്റി കണ്‍വീനര്‍ സൂരജ് എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.