Sauditimesonline

watches

ദുരിതപര്‍വം അവസാനിച്ചു; ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഒരു വര്‍ഷത്തെ ദുരിതപര്‍വത്തിനൊടുവില്‍ തമിഴ്‌നാട് സ്വദേശിനി നാട്ടിലേക്കു മടങ്ങി. കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം ഗ്യാനപരണം ലീല ബായ് ആണ് ജോലി ചെയ്ത വീട്ടില്‍ നിന്നു മോചിതയായത്. അഞ്ചു മാസത്തിലേറെയായി ശമ്പളമില്ലാതെ കഠിന ജോലി ചെയ്തിരുന്ന ഇവരെ നവയുഗം ജീവകാരുണ്യവിഭാഗവും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടതോടെയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടക്കി അയച്ചത്.

ജുബൈലില്‍ വീട്ടുജോലിക്കെത്തിയ അവര്‍ക്ക് രാപകല്‍ ജോലി ചെയ്‌തെങ്കിലും മതിയായ ഭക്ഷണവും വിശ്രമവും ലഭിച്ചിരുന്നില്ല. പത്തുമാസത്തിലധികം ജോലി ചെയ്‌തെങ്കിലും പകുതി ശമ്പളം മാത്രമാണ് ലഭിച്ചത്. ഇതോടെ സഹായം അഭ്യര്‍ഥിച്ച് സാമൂഹ്യപ്രവര്‍ത്തകനായ മുഹമ്മദ് യാസീനെ സമീപിച്ചു.

തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ വിവരം ധരിപ്പിച്ചു. ഇവരുടെ സഹായത്തോടെ ലീല ഭായിയെ ദമ്മാം പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. പോലീസ് വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നു സാമൂഹിക പ്രവര്‍ത്തകര്‍ ജാമ്യത്തില്‍ മോചിപ്പിക്കുകയും ചികിത്സയും ഭക്ഷണവും നല്‍കി ആരോഗ്യം വീണ്ടെടുത്തു.

മഞ്ജു മണിക്കുട്ടന്‍ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും സഹകരിച്ചില്ല. പാസ്സ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നു ലീലയ്ക്ക് ഔട്ട്പാസ്സ് വാങ്ങി അഭയകേന്ദ്രം വഴി ഫൈനല്‍ എക്‌സിറ്റ് നേടി. പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ ഹരീഷ് സൗജന്യമായി വിമാനടിക്കറ്റ് നല്‍കി. താജുദ്ധീന്‍, അനു രാജേഷ്, ഷമീര്‍ ചാത്തമംഗലം എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top