റിയാദ്: സമ്മാനങ്ങള്‍ സൗകര്യപ്രദമായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കൈമാറാന്‍ ലുലു ഹൈപ്പറും സൗദി പോസ്റ്റ് ആന്റ് ലോജിസ്റ്റിക്‌സും കരാര്‍ ഒപ്പുവെച്ചു. ഉപഭോക്താക്കള്‍ക്ക് റമദാനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് സൗദി തപാല്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഉപഹാരങ്ങള്‍ മറ്റുളളവര്‍ക്ക് അയക്കാന്‍ കഴിയും.
സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, എസ്പിഎല്‍ സെയില്‍സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ വൈസ് പ്രസിഡന്റ് എഞ്ചിനീയര് റയാന്‍ അല്‍ഷെരീഫ് എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്. ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എസ്പിഎല്ലും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം വിപുലീകരിക്കുന്നതിനുമാണ് കരാര്‍. റിയാദ്, ജിദ്ദ, ദമാം എന്നീ മൂന്ന് മേഖലകളില്‍ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. വിവിധ നെറ്റ് വര്‍ക്കുകള്‍ വഴിയും സ്ഥാപനങ്ങള്‍ മുഖേനയും എസ്പിഎല്‍ തപാല്‍ സേവനങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെ ഭാവി പദ്ധതികളും ചര്‍ച്ച ചെയ്തു. ഇത് ഇ-ഗവണ്‍മെന്റ്, ഇ-കൊമേഴ്‌സ് എന്നിവക്കും സൗകര്യം ഒരുക്കും.
ലുലു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി എക്‌സ്പ്രസ്, ഇന്റര്‍നാഷണല്‍, ഗ്രോസറി ഡെലിവറികളിലും എസ്പിഎല്‍ ഉള്‍പ്പെടും. എസ്പിഎല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പാക്കേജുകള്‍ ശേഖരിക്കുന്നതിനായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ എസ്പിഎല്‍ ഒരുക്കുന്ന പാഴ്‌സല്‍ സ്‌റ്റേഷനുകളും ഉണ്ടാകും. രണ്ട് കമ്പനികള്‍ക്കും ഒരുമിച്ച് വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതിനു നിരവധി വഴികള്‍ തുറക്കുന്നതിന് മികച്ച സഹകരണത്തിന് കഴിയുമെന്നും ഷെഹിം മുഹമ്മദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.