ബുറൈദ: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ബുറൈദയില്‍ കുട്ടികള്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന പ്രമേയത്തില്‍ പ്രവാസി മലയാളികളുടെ പുതു തലമുറയില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് ക്ലാസുകള്‍. മലയാള ഭാഷാ പഠനത്തിന് പുറമെ മലയാളി സമൂഹത്തിന്റെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മലയാളം മിഷന്‍ പ്രോത്സാഹനം നല്‍കുന്നു.
സൗദി ചാപ്റ്ററിന്റെ ഭാഗമായ അല്‍ഖസീം കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ കണിയാപുരത്തിന്റെ നേതൃത്വത്തില്‍ അല്‍ ഖസീം പ്രവാസിസംഘവും കുടുംബവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ക്ലാസ്സില്‍ ബുറൈദയില്‍ നിന്നുള്ള നിരവധി കുട്ടികള്‍ പങ്കെടുത്തു. കളി ചിരികളിലൂടെയും കഥ പറച്ചിലൂടെയും നയിച്ച ക്ലാസ് കുട്ടികള്‍ക്ക് മാതൃഭാഷാ പഠനം രസകരമായ അനുഭവം നല്‍കുന്ന വേദിയാണ്.
സഹാന, സോഫിയ, അശോക് ഷാ എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ടി രസകരമായി ക്ലാസ്സുകള്‍ നയിച്ചു. കുടുംബവേദി രക്ഷധികാരി സുല്‍ഫിക്കര്‍ അലി, സെക്രട്ടറി ഫൗസിയ ഷാ, പ്രസിഡന്റ് ഷമീറ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ഭാഷാ പഠനം എന്ന ആശയം എത്തിക്കാനുള്ള പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഖസീംപ്രവാസിസംഘം സെക്രട്ടറികൂടിയായ ഉണ്ണി കണിയാപുരം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.