Sauditimesonline

NURSE ONAM
ജീവന്റെ കാവലിനിടയില്‍, മാലാഖമാരുടെ പൂക്കാലം

ജീവന്റെ കാവലിനിടയില്‍, മാലാഖമാരുടെ പൂക്കാലം

റിയാദ്: ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ വെന്റിലേറ്ററുകള്‍ക്കൊപ്പം കാവലിരിക്കുന്ന മലയാളി മാലാഖമാര്‍ കുറച്ചുനേരം സ്വന്തം നാടിന്റെ ഗന്ധമുള്ള ഓര്‍മ്മകളിലേക്ക് നടന്നു കയറി. അടിയന്തിര ഘട്ടങ്ങളുടെയും പരക്കംപാച്ചിലിന്റെയും നടുവില്‍, റിയാദിലെ പ്രമുഖ ആശുപത്രിയിലാണ് ട്രോമാ ഐ.സി.യു നഴ്‌സുമാര്‍ ഒരുമയുടെയും സ്‌നേഹത്തിന്റെയും പൂക്കാലം ഒരുക്കിയത്.

മാവേലിയുടെ എഴുന്നളളത്ത് ആഘോഷപൂര്‍വ്വം വരവേറ്റു. സ്റ്റാഫ് നഴ്‌സ് ജോസ്‌ലിന്‍ മേരി ജോസ് ആണ് മാവേലിയായി പ്രത്യക്ഷപ്പെട്ടത്. തിരുവാതിര, നൃത്തനൃത്യങ്ങള്‍, ഓണക്കളികള്‍ എന്നിവക്ക് മാവേലിയും ഒപ്പം ചേര്‍ന്നു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഐസിയു സേവനം മുടങ്ങാതെ, ഡ്യൂട്ടി അറേഞ്ച് ചെയ്തും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാതെ ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ നാല്പതിലധികം മലയാളി നഴ്‌സുമാരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.

യന്ത്രങ്ങളുടെ നിരന്തര ശബ്ദങ്ങള്‍ക്കിടയിലും, രോഗികളുടെ ജീവന് കാവല്‍ നില്‍ക്കുന്നതിനിടയിലെ ചെറിയ ഇടവേളയിലാണ് മാലാഖമാര്‍ പൂക്കളം തീര്‍ത്തത്. വീടുകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകലെ, മണ്ണും മനവും വിതുമ്പുന്ന പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ ഓണാഘോഷം ആഅവര്‍ക്കൊരു സാന്ത്വനമായി. വിരഹത്തിന്റെ നടുവിലും ഒരു പിടി നല്ല ഓര്‍മ്മകളുടെ പൂക്കളമൊരുക്കി, ഒരുമയുടെയും സാഹോദര്യത്തിന്റെയും പൊന്നോണ സന്ദേശമാണ് റിയാദിലെ മാലാഖമാര്‍ സമ്മാനിച്ചത്.
കോഓര്‍ഡിനേറ്റര്‍ ബിജി മാത്യു സ്വാഗതം ആശംസിച്ചു. വിവിധ കലാപരിപാടികളും ഓണക്കളികളും ഐ.സി.യു വരാന്തകളില്‍ ആവേശം തീര്‍ത്തു. ബിക്‌സി ജോസ് നന്ദിപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top