റിയാദ്: ബോളിവാര്‍ഡില്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കലാകേന്ദ്രം ‘മിര്‍വാസ്’ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സ്റ്റുഡിയോ കോംപ്ലക്‌സ് കലാകാരന്‍മാര്‍ക്കും സര്‍ഗ പ്രതിഭകള്‍ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു.
15 മേഖലകളില്‍ അരങ്ങേറുന്ന റിയാദ് സീസണ്‍ വേദികളില്‍ ഒന്നായ ബോളിവാര്‍ഡ് സിറ്റിയിലാണ് മിര്‍വാസ് കലാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ജനറല്‍ എന്റര്‍െൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അന്താരാഷ്ട്ര നിലവാരമുളള 22 സ്റ്റുഡിയോകള്‍, അറബി, ഇംഗ്‌ളീഷ് റേഡിയോ സ്‌റ്റേഷന്‍, പ്രൊഡക്ഷന്‍ സെന്റര്‍, ആര്‍ട്ട് അക്കാദമി, മ്യൂസിക് നിര്‍മാണം, വിതരണം എന്നിവക്കുളള കമ്പനി എന്നിവ ഉള്‍പ്പെടുന്നതാണ് മിര്‍വാസ് സ്റ്റുഡിയോ കോംപ്ലക്‌സ്.
ചാനലുകളുടെ സംപ്രേഷണത്തിനും സര്‍ഗ പ്രതിഭകളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിനും മിര്‍വാസ് സഹായിക്കും. മിര്‍വാസ് സിഇഒ നദാ അല്‍ തുവൈജിരി, ചീഫ് കണ്ടന്റ് ഓഫീസര്‍ റുമയാന്‍ അല്‍ റുമയാന്‍ എന്നിവര്‍ക്ക് പുറമെ എന്റര്‍ടൈന്‍മെന്റ് വ്യവസായ മേഖലയിലെ കമ്പനി പ്രതിനിധികളും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.