
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വിശ്വാസികള്‍ മസ്ജിദിലെത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി. കൊവിഡ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മസ്ജിദുകള്‍ അടച്ച സാഹചര്യത്തിലാണ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെ നിര്‍ദേശം.
ആരാധനകള്‍ക്കായി തുറന്ന മസ്ജിദുകളില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 39 മസ്ജിദുകള്‍ അടച്ചിരുന്നു. രണ്ടു ദിവസം മുമ്പ് 32 മസ്ജിദുകള്‍ കൂടി അടച്ചതോടെ അണുവിമുക്തമാക്കാന്‍ അടച്ചിട്ട മസ്ജിദുകളുടെ എണ്ണം 71 ആയി. മസ്ജിദുകളിലെത്തുന്നവര്‍ മുന്‍കരുതല്‍ നടപടികളും കൊവിഡ് പ്രോട്ടോകോളുകളും നിര്‍ബന്ധമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. അടച്ച മസ്ജിദുകള്‍ അണുവിമുക്തമാക്കുന്ന ജോലികള്‍ തുടരുകയാണ്. മസ്ജിദുകള്‍ നിരീക്ഷിക്കാനും അണുനശീകരണ ജോലികള്‍ വിലയിരുത്താനും ഓരോ പ്രവിശ്യയിലും ഇസ്‌ലാമിക കാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കുകയും ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിച്ച കൊവിഡ് പ്രോട്ടോകോളുകള്‍ നിര്‍ബന്ധമായി അനുസരിക്കുകയും വേണം. കൊവിഡ് വൈറസ് പ്രതിരോധിക്കുന്നതിനു പ്രാര്‍ത്ഥനക്ക് ശേഷം ഉമാമുമാര്‍ ഉത്‌ബോധനം നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
