
റിയാദ്: ആരോഗ്യ മേഖലയില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കയറ്റമതി ചെയ്യുന്നതിന് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. കയറ്റുമതി ചെയ്യാന്‍ അനുമതിയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിക്കുകയും ചെയ്തു. കൊറോണ കൊവിഡ് 19 വൈറസ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ് വൈറസ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ലാബ് ഉപകരണങ്ങള്‍, മാസ്‌കുകള്‍, മെഡിക്കല്‍ സ്യൂട്ടുകള്‍, മെഡിക്കല്‍ മുഖാവരണം എന്നിവയുടെ കയറ്റുമതിക്കാണ് വിലക്ക് ബാധകമാക്കിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നു സൗദിയിലെത്തുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ റീ എക്‌സ്‌പോര്‍ട്ട് ചെയ്യാനും അനുമതിയില്ല. അതിര്‍ത്തി ചെക് പൊയിന്റുകള്‍, എയര്‍പോര്‍ട്, തുറമുഖം എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതായി സൗദി കസ്റ്റംസും അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയാണ് നിരോധിച്ചതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു ഉല്‍പ്പന്നം കൊണ്ടുപോകുന്നതിന് വിലക്ക് ബാധകമല്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിര്‍ത്തിവെക്കാന്‍ കൊറോണ പ്രതിരോധ ഉന്നത തല സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.