
നിഖില സമീര്‍
റിയാദ്: മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മേഖലാ തല ഉദ്ഘാടനം ഡിസംബര്‍ 13ന് നടക്കും. വൈകുന്നേരം 6ന് ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മലയാളം മിഷന്‍ ദമാം മേഖല കോ ഓര്‍ഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്യും.
ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് ലക്ഷ്യം. മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കും. ഇതിനു പുറമെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളെയും മലയാള ഭാഷ പഠിപ്പിക്കുകയാണ് പഠന കേന്ദ്രങ്ങളുടെ ലക്ഷ്യം. ഇതുവഴി കേരളത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തും. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം ഉണ്ട്.
നാല് കോഴ്‌സുകളാണ് മലയാളം മിഷന്‍ നടത്തുന്നത്. പ്രാഥമിക കോഴ്‌സ് കണിക്കൊന്ന എന്നാണ് അറിയപ്പെടുന്നത്. 6 വയസ്സ് പൂര്‍ത്തിയായവര്‍ക്കു രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം. ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ, സീനിയര്‍ ഹയര്‍ ഡിപ്ലോമ എന്നീ കോഴ്‌സുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്‌സുകള്‍ സൗജന്യമായാണ് മലയാളം മിഷന്‍ നടപ്പിലാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
