റിയാദ്: ഫാസിസ്റ്റ് വര്‍ഗ്ഗീയ ഭരണകൂടങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച് കോണ്‍ഗ്രസിന് ശക്തി പകരാന്‍ പ്രിയങ്കയുടെ നേതൃത്വവും ഉജ്ജ്വല വിജയവും സഹായിക്കുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവും മഹിളാകോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ അഡ്വ.ബിന്ദു കൃഷ്ണ. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വനിതാ വേദി ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ബി വിത്ത് ബിന്ദു കൃഷ്ണ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ മുന്‍നിരയിലേക്ക് കൊണ്ട് വന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. മുഖ്യധാര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ സ്ത്രീകളെ കമ്മിറ്റികളില്‍ പോലും ഇടം നല്‍കുന്നില്ല എന്ന വസ്തുത തിരിച്ചറിയണം. രാജ്യത്ത് സമത്വം നടപ്പിലാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചേരിചേരാ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുതല്‍ രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങള്‍ക്കും മുന്നേറ്റത്തിനും കാരണം കോണ്‍ഗ്രസാണ്. എന്നാല്‍ മോഡി ഭരണകൂടം അദാനിയുടെയും അംബാനിയുടെയും ഭരണകര്‍ത്താക്കളായി മാറി. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെ പേരിലും മനുഷ്യരെ കൊന്ന് കൊലവിളി നടക്കുന്നവര്‍ക്കെതിരെ ഒത്താശ ചെയ്യുന്ന ഭരണകൂടമായി മോഡി സര്‍ക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍ ഗാന്ധി കുടുംബത്തിലൂടെ സാധ്യമാകും എന്നത് കഴിഞ്ഞ കാലങ്ങളില്‍ കണ്ടതാണന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉല്‍ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരന്‍ പിള്ള മുഖ്യാഥിയായിരുന്നു. ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും വനിതാ വേദി ചുമതലയുമുള്ള സുരേഷ് ശങ്കര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, ഷാജി കുന്നിക്കോട്, നാഷണല്‍ കമ്മിറ്റി അംഗം റഹിമാന്‍ മുനമ്പത്ത്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര, കണ്ണൂര്‍ ജില്ല ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, റിയാദ് കെഎംസിസി വനിതാ വേദി പ്രസിഡന്റ് റഹ്മത്ത് അശ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മുഖ്യാതിഥികളായ അഡ്വ. ബിന്ദു കൃഷ്ണ, കുമ്പളത്ത് ശങ്കരന്‍പിള്ള, ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റിയാദ് പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ തോമസ്, നൃത്ത അധ്യാപിക ബിന്ദു ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ ജില്ല കമ്മിറ്റികളുടെയും മുസാമിയ യൂണിറ്റിന്റെയും നേതൃത്വത്തില്‍ മുഖ്യാതിഥിയെ പൂമാലയും കിരീടയും സമ്മാനിച്ച് ആദരച്ചു. വനിതാവേദി വൈസ് പ്രസിഡന്റ് സ്മിത മുഹിയിദ്ധീന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ജാന്‍സി പ്രഡിന്‍ സ്വാഗതവും ട്രഷറര്‍ സൈഫുന്നീസ സിദ്ധീഖ് നന്ദിയും പറഞ്ഞു.
വനിതാ വേദി ഭാരവാഹികളായ ബൈമി സുബിന്‍, സിംന നൗഷാദ്, ശരണ്യ ആഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി. പോള്‍ സ്റ്റാര്‍, മണി ബ്രദഴ്‌സ്, നവ്യ ഡാന്‍സ് അക്കാദമി എന്നി നൃത്തവിദ്യാലയങ്ങളിലെ കലാപ്രതിഭകള്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. റിയാദിലെ ഗായകര്‍ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.