ചൈനയിലെ ‘മെക്-7’ അഭ്യാസമായ ‘ദുലിയന്‍’ കൂട്ടായ്മ
കിഴക്കന്‍ ചൈനയിലെ ഴെജിയാംഗ് സെന്‍ട്രല്‍ പ്രൊവിന്‍സിലെ യിവു നഗരം. അവിടെ നിന്നു യോങ്കാംഗിലേക്കുളള യാത്രയില്‍ ഗൈഡായി ഒപ്പം ഉണ്ടായിരുന്നത് ചൈനീസ് സഖാവ് യാമ എന്ന യുവതി. യാത്രക്കിടെ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച് അവരെ കാണിച്ചു. ഇതെന്താണെന്ന് ചോദിക്കുകയും ചെയ്തു. ഒരു ഹോട്ടലിന്റെ സിംബല്‍ എന്നായിരുന്നു ഉത്തരം! ചൈനയിലെ സഖാക്കള്‍ക്ക് കമ്യൂണിസത്തെ സംബന്ധിച്ച് അറിയുന്നത് അത്രമാത്രം. മെക്-7നെ സംബന്ധിച്ച് സിപിഎം കേഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാഷിന്റെ ആധികാരിക പ്രസംഗം ഡിസംബര്‍ 12ന് ജനം ടിവി ഡിബേറ്റില്‍ കണ്ടപ്പോള്‍ യാമ സഖാവിനെ അറിയാതെ ഓര്‍ത്തുപോയി.
ലേഖകന്‍ ചൈനയിലെ അതിപുരാതന ഴിജിയാംഗ് പാലത്തിന് സമീപം
യോങ്കാംഗില്‍ നിന്നു ഗ്രാമങ്ങളിലൂടെയാണ് മടങ്ങിയത്. അവിടുത്തെ കാഴ്ചകള്‍ കാണുകയായിരുന്നു ലക്ഷ്യം. 12 വര്‍ഷം മുമ്പ് ചൈനയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഏറെ ആകര്‍ഷിച്ചത് സ്ത്രീകളും വാര്‍ദ്ധക്യമായവരും ഒത്തുകൂടി നടത്തുന്ന ‘മെക്-7’ എക്‌സര്‍സൈസ് ആയിരുന്നു. ‘ദുലിയന്‍’ എന്നോ മറ്റോ ആണ് അവര്‍ അതിനെ വിളിച്ചിരുന്നത്. എക്‌സര്‍സൈസ് എന്നര്‍ത്ഥം. ലിംഗ ഭേദമന്യേ 18 മുതല്‍ 70 വയസുവരെയുളളവരാണ് അവിടെ അണിനിരന്നത്. സൗണ്ട് സിസ്റ്റം ഉപയോഗിച്ച് സംഗീതത്തിന്റെ അകമ്പടിയോടെയാണ് കായിക അഭ്യാസം.
മെക്-7 കൂട്ടായ്മ വിവാദമായതാണ് ചൈനയിലെ കായിക പരിശീലനം ഓര്‍മ്മയില്‍ വന്നത്. സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് നഗരങ്ങളിലും മെക്-7 സജീവമാണ്. റിയാദിലെ കൂട്ടായ്മയില്‍ പാക് പൗരന്‍മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുളളവരെ ആകര്‍ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിനെ രാജ്യവിരുദ്ധ ശക്തികളുമായുളള കൂട്ടുകെട്ടായി വ്യാഖ്യാനിക്കാനും സാധ്യതയുണ്ട്. ജമാഅത്തെ ഇസ്‌ലാമി, നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് എന്നിവയാണ് മെക്-7കൂട്ടായ്മയ്ക്കു പിന്നിലെന്ന് എപി സമസ്തയും സിപിഎമ്മും ആരോപിച്ചതോടെ വിവാദം ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. എന്‍ഐഎ അന്വേഷിക്കുമെന്നും കേള്‍ക്കുന്നു.
ആരോപണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മറ്റു ചില കാര്യങ്ങളും പരിശോധിക്കണം. സമൂഹത്തെ അങ്ങേയറ്റം ചൂഷണം ചെയ്താണ് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ തഴച്ചുവളരുന്നത്. മരുന്ന് ഉത്പ്പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. നീതി ആയോഗിന്റെ കണക്ക് പ്രകാരം 2020-21ല്‍ മൂന്നു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തി അമ്പത്തിനാല് (3,28,054) കോടി രൂപയുടെ ടേണ്‍ഓവറാണ് മരുന്നു വിപണി നേടിയത്. ഇതില്‍ 12,500 കോടി രൂപയുടെ മരുന്ന് വിത്പ്പന നടന്നത് 3.59 കോടി ജനസംഖ്യയുളള കേരളത്തിലാണ്. മരുന്ന് വിത്പ്പന്നയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നിലാണ് കേരളം. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജനസംഖ്യ 24.14കോടി അഥവാ കേരളത്തിന്റെ ആറിരട്ടിയാണ്. മധ്യപ്രദേശിലെ ജനസംഖ്യ 8.77 കോടിയാണ്. കേരളത്തിന്റെ ഇരട്ടിയിലധികം. മഹാരാഷ്ട്രയിലേത് 13.6 കോടി അഥവാ മൂന്നിരട്ടിയിലധികവും പശ്ചിമ ബംഗാളിലെ ജനസംഖ്യ 10.42 കോടി അഥവാ രണ്ടര ഇരട്ടിയിലധികവും വരും. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വിലയ മരുന്നു വിപണി കേരളം ആണെന്നു കാണാം.
ലേഖകന്‍ ചൈനയിലെ യിവു ജുമാ മസ്ജിദിനു സമീപം
കേരളത്തിന് ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്നൊരു സ്ഥാനം കൂടിയുണ്ട്. ദേശീയ ശരാശരിയായ എട്ടു ശതമാനത്തിന്റെ ഇരട്ടിയിലധികമാണ് (20 ശതമാനം) കേരളത്തിലെ പ്രമേഹ നിരക്ക്. തിരുവനന്തപുരത്ത് പ്രമേഹ നിരക്ക് 17 ശതമാനമാണ്. ഹൈദരാബാദ്, ദല്‍ഹി, നാഗ്പൂര്‍ എന്നീ നഗരങ്ങളിലേക്കാള്‍ കൂടിയ നിരക്കാണിത്. കാര്‍ഡിയാക് റിസര്‍ച് ഓര്‍സനൈസേഷന്റെ പഠന പ്രകാരം പ്രമേഹം ഉള്‍പ്പെടെ ജീവിത ശൈലി രോഗങ്ങളാണ് കേരളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുളള 80 ശതമാനം മരണത്തിന് കാരണം. ഇതു അമേരിക്കയിലെ ഹൃദയാഘാത നിരക്കിന്റെ ഇരട്ടിയാണ്. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ ജീവിത ശൈലി രോഗത്തെ തുടര്‍ന്നുളള ഹൃദയാഘാത നിരക്കിന്റെ ആറിരട്ടിയാണെന്നും വ്യക്തമാക്കുന്നു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ 2022-23 സര്‍വ്വേ പ്രകാരം കേരളത്തില്‍ ആശുപത്രിയില്‍ കിടന്നുളള ചികിത്സക്ക് നഗരത്തിലെ ഒരു കുടുംബം സ്വന്തം പോക്കറ്റില്‍ നിന്നു വര്‍ഷം 8,655 രൂപയും ഗ്രാമത്തില്‍ 10,341 രൂപയുമാണ് ചെലവഴിക്കുന്നത്. ഇന്‍ഷുറന്‍സ് റീഇമ്പേഴ്‌സ്‌മെന്റും സര്‍ക്കാര്‍ സൗജന്യ ചികിത്സക്കും പുറമെ ചെലവഴിക്കുന്ന തുകയാണിത്. മാത്രമല്ല, സ്വകാര്യ മേഖലയിലെ ആരോഗ്യ പരിചരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടിയ നിരക്കാണ് ഈടാക്കുന്നത്.
റിയാദിലെ മെക്-7 കൂട്ടായ്മയിലെ പാക് പൗരന്‍മാര്‍
കേരളത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ക്കിരയാകുന്നവരുടെ കൃത്യമായ വിവര ശേഖരണം നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയുടെ രണ്ടാ ഘട്ടത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ക്കുളള സ്‌ക്രീനിംഗ് നടക്കുന്നുണ്ട്. ഒന്നാം ഘട്ടത്തില്‍ ആരേഗ്യ വകുപ്പിന്റെ ‘ശൈലി ആപ്’ ഉപയോഗിച്ച് 30 വയസിന് മുകളിലുളള 1.53 കോടി ജനങ്ങളെ പരിശോധിച്ച് അപകടകരമായ ജീവിത ശൈലി രോഗമുളളവരെയും കണ്ടെത്തിയിരുന്നു. ഇത്തരം വിവരങ്ങള്‍ ലഭ്യമായതുകൊണ്ടുതന്നെ കേരളം ഏറ്റവും വലിയ മരുന്നു വിപണിയാണെന്നു കുത്തക മരുന്നു കമ്പനികള്‍ക്കു നന്നായി അറിയാം.
റിയാദിലെ മെക്-7 കൂട്ടായ്മ
2018 മുതല്‍ 2021 വരെ മരുന്നു വിപണിയുടെ വളര്‍ച്ച കേരളത്തില്‍ 10 മുതല്‍ 14 ശതമാനം വരെയായിരുന്നു. എന്നാല്‍ 2022ന് ശേഷം ഇതു അഞ്ചു ശതമാനത്തില്‍ താഴെയായി കൂപ്പുകുത്തി. കോവിഡിന് ശേഷം ആരോഗ്യ സംരക്ഷണത്തില്‍ കേരളം കൂടുതല്‍ കരുതല്‍ കാട്ടുന്നുണ്ട്. മെക്-7 മാത്രമല്ല, സംസ്ഥാനത്തുടനീളം ടെറഫുകളും ഹെല്‍ത്ത് ക്ലബ്ബുകളും വ്യാപിച്ചു. ടെലിവിഷന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും കായിക ക്ഷമത വര്‍ധിപ്പിച്ച് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുളള ബോധവത്ക്കരണം വ്യാപകവുമാണ്. സിനിമാ നടന്‍മാരും നടിമാരും വര്‍ക്ഔട്ട് നടത്തുന്നതിന്റെ റീലുകളും സാധാരണക്കാര്‍ക്ക് പ്രചോദനമാണ്. മെക്-7 പോലെ ചെലവില്ലാതെ കായിക ക്ഷമത കൈവരിക്കാന്‍ കഴിയുന്ന കൂട്ടായ്മകള്‍ പടര്‍ന്നു പന്തലിച്ചാല്‍ കേരളത്തിലെ മരുന്നു വിപണിയുടെ വളര്‍ച്ച ഇനിയും ഗണ്യമായി കുറയും.
ആരോഗ്യ മേഖലയിലെ വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ കേരളത്തിലെ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കണം. ജീവിത ശൈലി മാറ്റി ആരോഗ്യം നിലനിര്‍ത്താനുളള ഏതു പദ്ധതിയും കുത്തക മരുന്നു കമ്പനികള്‍ അട്ടിമറിക്കും. അതുകൊണ്ടുതന്നെ ആരോഗ്യ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്ന ബദല്‍ മാര്‍ഗങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യേണ്ടത് മരുന്നു ഉത്പ്പാദകരായ കോര്‍പ്പറേറ്റുകളുടെയും ഹെല്‍ത്ത് കെയര്‍ രംഗത്തെ വന്‍കിട സ്ഥാപനങ്ങളുടെയും അജണ്ടയാണ്. അവരുടെ നിലനില്‍പ്പിന് ആവശ്യവുമാണ്. തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും നിറം നല്‍കി പ്രസ്ഥാനങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും രംഗത്തു വന്നാല്‍ മെക്-7 പോലുളള എക്‌സര്‍സൈസ് കൂട്ടായ്മകളെ നിര്‍വ്വീര്യമാക്കാന്‍ എളുപ്പമാണെന്ന് കോര്‍പ്പറേറ്റുകള്‍ക്ക് നന്നായി അറിയാം.
മെക്-7 കൂട്ടായ്മക്കു നിരോധിത സംഘടനകളുമായി ബന്ധമുണ്ടെങ്കില്‍ സമസ്ത എപി വിഭാഗം നേതാവ് പേരോട് ഉസ്താദും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററും തെളിവുകള്‍ സഹിതം ഭരണകൂടത്തെയും ഉത്തരവാദപ്പെട്ട ഏജന്‍സികളെയും അറിയിക്കുകയാണ് വേണ്ടത്. സമാധാനം ആഗ്രഹിക്കുന്ന, മതസൗഹാര്‍ദ്ദം ഇഷ്ടപ്പെടുന്ന മലയാളി സമൂഹം അതിനെ പിന്തുണക്കും. എന്നാല്‍ സങ്കുചിതത്വവും രാഷ്ട്രീയ നേട്ടങ്ങളും സംരക്ഷിക്കാന്‍ ‘രാജ്യസ്‌നേഹികള്‍’ എന്നു അവകാശപ്പെടുന്നവര്‍ക്ക് കടിച്ചുപറിയ്ക്കാന്‍ എല്ലിന്‍ കഷ്ണം എറിഞ്ഞുകൊടുത്തത് സാമൂഹിക ദ്രോഹമാണ്. അതു മൈത്രിയ്ക്കും മാനവികതയ്ക്കും എതിരാണെന്നു ഇനിയെങ്കിലും നേതാക്കള്‍ക്കു തിരിച്ചറിവുണ്ടാകണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.