
മുംബൈ: മാഹിയിലെ ആരോഗ്യ സേവന കേന്ദ്രം എംഎംസിക്ക് ദേശീയ പുരസ്‌കാരം. പുതുസംരംഭകര്‍ക്കുളള സ്റ്റര്‍ട് അപ് പുരസ്‌കാരം ദേശീയ എംഎസ്എംഇ കോണ്‍ഫറന്‍സില്‍ സമ്മാനിച്ചു. മുംബൈ സിഡ്‌കോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആനന്ദ് ചാരിയില്‍ നിന്ന് എം എം സി ചെയര്‍മാന്‍ മന്‍സൂര്‍ പള്ളൂര്‍ ഏറ്റുവാങ്ങി. ടി ക്യു വി മാനേജിംഗ് ഡയറക്ടറും സ്റ്റാര്‍ട് അപ് അവാര്‍ഡ് ജൂറി ചെയര്‍മാനുമായ കേതന്‍ വക്കാരിയയും സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് വിതരണം. ഗള്‍ഫ് പ്രവാസി സംരംഭമാണ് മാഹി എംഎംസി.

ആരോഗ്യ മേഖലയിലെ വിവിധ സ്‌പെഷാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഒ പി വിഭാഗത്തില്‍ വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഡോക്ടര്‍മാരുടെ സേവനം, അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയ സ്റ്റാര്‍ട്ട് അപ് സംരംഭം എന്ന നിലയിലാണ് മാഹി എം എം സിക്ക് ദേശീയ സ്റ്റാര്‍ട്ട് അപ് പുരസ്‌കാരം. അത്യാധുനിക സൗകര്യമുളള മെഡിക്കല്‍ ലാബോറോട്ടറി, ഡിജിറ്റല്‍ എക്‌സറേ, ഇ സി ജി, എക്കോ കാര്‍ഡിയോഗ്രാം, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഫിസിയോതെറാപ്പി, സൗജന്യ കമ്പ്യൂട്ടര്‍ കണ്ണ് പരിശോധന തുടങ്ങിയ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാണ്.
മാഹിയിലും സമീപ പ്രദേശങ്ങളിലും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച എം എം സി പൊതുജനാരോഗ്യ മേഖലയില്‍ പ്രശംസ നേടി. അനീമിയ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മാഹി എം എം സിയുമായി സഹകരിച്ച് അടുത്തിടെ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. സൗദി അറേബ്യ, കുവൈത്ത്, യു എ ഇ, ഖത്തര്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മയില്‍ തുടങ്ങിയ സംരംഭമാണ് മാഹി എം എം സി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.