‘വൈദ്യേഴ്‌സ് മന്‍സില്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: നിഖില സമീറിന്റെ ‘വൈദ്യേഴ്‌സ് മന്‍സില്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഗീതാ മോഹന് ആദ്യ പ്രതി നല്‍കി ജേക്കബ് എബ്രഹാം ആണ് പ്രകാശനം നിര്‍വഹിച്ചത്. പി കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഓര്‍മകളും അനുഭവങ്ങളും പ്രവാസവും കോര്‍ത്തിണക്കിയ നുറുങ്ങു കുറിപ്പുകളാണ് വൈദ്യേഴ്‌സ് മന്‍സില്‍ പങ്കുവെക്കുന്നത്. കുടുംബ ബന്ധങ്ങളും വാത്സല്യം മനസ്സു നിറച്ച കുട്ടിക്കാല ഓര്‍മകളും സരസമായി വിവരിക്കുന്നു. ബാല്യം സമ്മാനിച്ച കൗതുകങ്ങളും കുസൃതി മാറും മുമ്പ് പത്താം ക്ലാസില്‍ പഠിക്കുമ്പോഴെത്തിയ വിവാഹ ആലോചനക്കു പിന്നിലെ ‘ഗൂഢാലോചന’ വായനക്കാരിലും ആകാംഷ സൃഷ്ടിക്കും. ഓരോ വായനക്കാരനിലും സ്വന്തം ജീവിതത്തില്‍ അനുഭവിച്ച ഏതെങ്കിലും സംഭവം വൈദ്യേഴ്‌സ് മന്‍സിലില്‍ കാണാന്‍ കഴിയും. അല്ലെങ്കില്‍ സാക്ഷിയായ ഒരു സന്ദര്‍ഭമെങ്കിലും ഉണ്ടാവാതിരിക്കില്ല. അതുകൊണ്ടുതന്നെ ഗൗരവമുളള വായന എന്നതിലുപരി കടന്നുപോയ ജീവിതത്തിലെ ഏതെങ്കിലും സംഭവവുമായി ബന്ധിപ്പിക്കാന്‍ നിഖിലയുടെ ഓര്‍മകള്‍ക്ക് കഴിയുന്നുണ്ട് എന്നതാണ് വൈദ്യേഴ്‌സ് മന്‍സില്‍ അനുവാചകരോട് പറയുന്നത്.

പരിപാടിയില്‍ പ്രതാപന്‍ തായാട്ട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സബീന എം സാലി, വൈ എ സാജിദ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വെളളിയോടന്‍ സ്വാഗതവും നിഖില സമീര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply