റിയാദ്: ഡന്റല്‍ പ്രഫഷനുകളില്‍ 35 ശതമാനം സ്വദേശിവത്കരണം മാര്‍ച്ച് 10 മുതല്‍ സൗദി അറേബ്യയില്‍ പ്രാബല്യത്തില്‍. സെപ്റ്റംബര്‍ 13ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് പ്രാബല്യത്തില്‍ വന്നത്. യോഗ്യതയുളള രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനാണ് ഡന്റല്‍ പ്രഫഷന്‍ സ്വദേശിവത്ക്കരിച്ചത്.
സ്വകാര്യ ഡന്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്വദേശിവത്ക്കരണം പാലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ആറു മാസം സമയം അനുവദിച്ചതിന് ശേഷമാണ് നടപടി.
സ്വദേശിവത്കരണ പ്രഫഷനുകള്‍, നിതാഖാത്ത് പ്രകാരം ആവശ്യമായ ശതമാനം എന്നിവ സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ പിഴ അടക്കണം. ഇതിന് അവസരം ഒരുക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മൂന്നോ അതിലധികമോ ജീവനക്കാരുളള സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സ്വദേശിവത്ക്കരണം ബാധകമാണ്. സ്വദേശി ഡന്റിസ്റ്റുകള്‍ക്ക് പ്രതിമാസ 7,000 റിയാല്‍ വേതനം നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഡന്റിസ്റ്റുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും രാജ്യം വിട്ടിരുന്നു. സൗദിയില്‍ 1288 പേര്‍ക്ക് വരു ഡന്റിസ്റ്റ് എന്ന തോതില്‍ ഉണ്ടെന്നാണ് കണക്ക്. 2020ലെ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത് സ്‌പെഷ്യാലിറ്റീസില്‍ ലൈസന്‍സ് നേടിയ 27181 ഡന്റിസ്റ്റുകള്‍ രാജ്യത്തുണ്ട്. രാജ്യത്തെ 12 യൂനിവേഴ്‌സിറ്റികളിലായി 12 ബാച്‌ലര്‍ പ്രോഗ്രാമുകളും 12 മാസ്റ്റര്‍ ഡിഗ്രിയും ഡന്റല്‍ മേഖലയില്‍ നടത്തുന്നുണ്ട്. നാല് യൂനിവേഴ്‌സിറ്റികളില്‍ 4 പിഎച്ഡി ഗവേഷണത്തിനും സൗകര്യമുണ്ട്. ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്ന് ബിരുദം നേടിയെത്തുന്ന സ്വദേശികളും തൊഴില്‍ നേടാന്‍ കഴിയാതെ വന്നതോടെയാണ് ഡന്റല്‍ പ്രഫഷനുകളില്‍ 35 ശതമാനം സ്വദേശിവത്ക്കരണം നടത്താന്‍ മന്ത്രാലയം തീരുമാനിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
