Sauditimesonline

1 WAFA
നിറങ്ങളുടെ പൂക്കാലമൊരുക്കി കുട്ടിപ്പട; റിയാദില്‍ കേളി കുടുംബവേദി 'ജ്വാല' ജ്വലിച്ചു

എന്‍ആര്‍കെ ചത്തു; ചക്രശ്വാസം വലിച്ച് ഫോര്‍ക്ക

സൗദി തലസ്ഥാന നഗരിയിലെ പ്രവാസി മലയാളികള്‍ നേതൃത്വം നല്‍കുന്ന മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയാണ് എന്‍ ആര്‍ കെ ഫോറം. പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയാണ് ഫോര്‍ക്ക. രണ്ടു കൂട്ടായ്മകളും പൂര്‍ണമായി നിര്‍ജ്ജീവമാണ്. നേതൃ നിരയില്‍ എത്തിപ്പെടാന്‍ വീറും വാശിയും കാണിച്ച കാലമുണ്ടായിരുന്നു. നേതാക്കള്‍ നാട്ടിലേക്ക് മടങ്ങിയതോടെ ഫോറങ്ങള്‍ക്ക് നാഥനില്ല; ജീവനുമില്ല. പുതുതലമുറയിലേക്ക് ബാറ്റന്‍ കൈമാറാതെ നേതാക്കള്‍ വിമാനം കയറിയതാണ് ഇതിന് കാരണം.

അംഗപരിമിതിയുളള ബാലന്‍ അബദ്ധത്തില്‍ മരിച്ച സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന് നിയമ സഹായം നല്‍കുന്ന സമിതി കഴിഞ്ഞ ദിവസം റിയാദില്‍ യോഗം ചേര്‍ന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവരാണ് ‘ചത്തുപോയ എന്‍ആര്‍കെയും ചക്രശ്വാസം വലിക്കുന്ന ഫോര്‍ക്കയും’ എന്ന പ്രയോഗം നടത്തിയത്.

കെഎംസിസിയും കേളിയും ഒഐസിസിയും ഒരുമിച്ചിരുന്ന് പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി കൈകോര്‍ക്കുന്നത് ആഹ്‌ളാദകരമാണ്. മഹല്ല് കമ്മറ്റികളും പഞ്ചായത്ത് കൂട്ടായ്മകളും പ്രവാസ ലോകത്തെ സൗഹൃദത്തിന്റെ കരുത്താണ്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുളളവരെ കണ്ണിചേര്‍ക്കുന്ന ബലിഷ്ട കരങ്ങളായിരുന്നു എന്‍ആര്‍കെ ഫോറവും ഫോര്‍ക്കയും. സമര്‍ഥരും കരുത്തരുമായ സംഘാടകരാണ് പല കൂട്ടായ്മകളിലുമുളളത്. ‘യാത്രയയപ്പ്’ സ്വീകരണം ഏറ്റുവാങ്ങി പ്രവാസം അവസാനിപ്പിച്ച പലരും നാട്ടിലേക്ക് മടങ്ങി. അവര്‍ അപ്പോഴും വഹിച്ചിരുന്ന സ്ഥാനം ഒഴിഞ്ഞിരുന്നില്ല! അതിന്റെ ദുരിതമാണ് നാഥനില്ലാത്ത പേരുമാത്രമായി എന്‍ആര്‍കെയും ഫോര്‍ക്കയും അവശേഷിക്കാന്‍ ഇടയായത്.

അതേസമയം, റിയാദില്‍ മാതൃക കാട്ടിയ കൂട്ടായ്മയും നിലവിലുണ്ട്. അത് മാധ്യമ കൂട്ടായ്മയാണ്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാണ് ഷക്കീബ് കൊളക്കാടന്‍, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ബഷീര്‍ പാങ്ങോട്, നരേന്ദ്രന്‍ ചെറുകാട്, കെസിഎം എബ്ദുല്ല, നൗഷാദ് കൊര്‍മോത്ത് എന്നിവര്‍. ഇതില്‍ പ്രവാസം അവസാനിപ്പിച്ചവരും ദീര്‍ഘ കാലമായി അവധിയില്‍ നാട്ടില്‍ കഴിയുന്നവരുമുണ്ട്. പുതു തലമുറക്ക് മീഡിയാ ഫോറത്തെ കൈമാറിയാണ് ഇവര്‍ മടങ്ങിയത്. ഇതിനായി മാധ്യമ പരിശീലന പരിപാടി ഉള്‍പ്പെടെ സംഘടിപ്പിച്ച് ദീര്‍ഘവീക്ഷണം കാണിച്ചത് പ്രവാസ ലോകത്തെ മികച്ച മാതൃകയാണ്. മാധ്യമ പഠന കളരിയില്‍ പങ്കെടുത്ത നൗഫല്‍ പാലക്കാടന്‍, ഷഫീഖ് കിനാലൂര്‍, ഷിബു ഉസ്മാന്‍, നാദിര്‍ഷ റഹ്മാന്‍, മുജീബ് ചങ്ങരംകുളം എന്നിവരും മീഡിയാ ഫോറത്തിന്റെ സാരഥികളായി രംഗത്തുണ്ട് എന്നത് അഭിമാനകരമാണ്; അനുകരിക്കാന്‍ കഴിയുന്ന മാതൃകയും!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top