റിയാദ്: ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു പോലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും കയറൂരി വിട്ട് പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന പിണറായി സര്‍ക്കാരിനെതിരെയു ‘വിചാരണ സദസ്സ്’ സംഘടിപ്പു. ഓരോ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെയും അന്ത്യം പിണറായി ഓര്‍ക്കണം. വാഴ്ത്തുപാട്ടുകാരുടെ കുഴലൂത്തില്‍ അഭിരമിച്ചു ഏകാധിപതിയായി കേരളം വാഴുന്ന പിണറായിക്കെതിരെ ഇനിയും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം പറഞ്ഞു. റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ കൊല്ലം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു.
ഒഐസിസി ഗ്ലോബല് കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി. വിധേയന് സിനിമയിലെ ഭാസ്‌ക്കരപട്ടേലിനേയും തൊമ്മിയെയും ഓര്മിപ്പിക്കും വിധം ഇരുപതു അടിമ മന്ത്രിമാരെയും കൊണ്ട് നടത്തിയ കേരള ആഡംബര യാത്ര കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പിണറായി മറുപടി പറയണം.കേരള ജനതയ്ക്കു മുന്നില് ക്രൂരനായ, ജനവിരുദ്ധനായ പിണറായിയുടെ യഥാര്ത്ഥ രൂപം അനാവരണം ചെയ്യപ്പെടാന് പിണറായി തന്നെ കാരണഭൂതനായത് ഈ യാത്രയുടെ നേട്ടമാണ്. നിത്യ ചിലവിനു പോലും പണം കണ്ടെത്താന് കഴിയാതെ സംസ്ഥാനം കടക്കെണിയില് ഉഴലുമ്പോള്,ത്രിതല പഞ്ചായത്തുകളിലെ പദ്ധതിചിലവിനുള്ള തുക യാത്രയ്ക്കായി പിടിച്ചു വാങ്ങി അടിസ്ഥാന വികസനം പോലും മുരടിപ്പിച്ചു. യാത്ര അവസാനിച്ചപ്പോള് ആറ് ലക്ഷം പരാതികള് കിട്ടി .പത്തു ശതമാനം പരാതികള് പോലും തീര്പ്പു കല്പ്പിക്കാന് ഇതുവരെ കഴിഞ്ഞട്ടില്ല. പരിഹരിക്കപ്പെട്ടു എന്നവകാശപ്പെടുന്ന തീര്പ്പുകളുടെ കഥ മറ്റൊരു ക്രൂരമായ തമാശയാണ്.
ഹിറ്റ്‌ലറുടെ നാസി പാര്ട്ടിയില് നിന്നും ആശയം ഉള്‌ക്കൊണ്ടു രൂപീകരിച്ച ആര്‍ എസ് എസിന്റെ നേതൃത്വത്തില് ഇന്ത്യ ഭരിക്കുന്ന മോദിയും, സ്റ്റാലിനെ മാതൃകാ പുരുഷനാക്കിയ പിണറായിയും തമ്മില് സാമ്യതകള് ഏറെയാണ്.രണ്ടു പേരും ഫാസിസ്റ്റു നയങ്ങളുടെ ആരാധകരാണ്. പ്രതിഷേധങ്ങളെ ഭയമാണ്. സര്ക്കാര് സ്‌പോണ്‌സേര്ഡ് വര്ഗീയ കലാപങ്ങള് നടത്തി മോഡി, രക്ഷ പ്രവര്ത്തനം എന്ന് പേരിട്ടു പാര്ട്ടി ഗുണ്ടകളെ അഴിഞ്ഞാടാന് അനുവദിച്ച പിണറായിയും ജന വിരുദ്ധനായി കഴിഞ്ഞു. അധികാരികാരത്തില് എന്നും ഉണ്ടാവുമെന്ന് സ്വപ്നം കാണുന്നു ഇവര്, ഒരിക്കല് ഇതിനെല്ലാം എണ്ണി എണ്ണി കണക്കു പറയേണ്ടിവരും. അതിനായി കോണ്ഗ്രസിന്റെ നേതൃത്വത്തില് ഉയര്ന്നു വരുന്ന സമരങ്ങളില് ജനങ്ങള്ക്കു പ്രതീക്ഷയുണ്ട്.
കേരളത്തില് ബിജെപിയും സിപിമ്മും കൈകോര്ത്താണ് പ്രവര്ത്തിക്കുന്നത്. തെളിവുകളോടെ കേരളജനതയ്ക്കു മുന്നില് വന്ന എല്ലാ അഴിമതി കേസുകളും ആവിയായി , അന്വേഷണങ്ങള് മരവിപ്പിച്ചു. നവ കേരള യാത്രയ്‌ക്കെതിരെ , പിണറായിയുടെ ജനവിരുദ്ധ നയങ്ങള്‌ക്കെതിരെ ബിജെപി യുടെ പ്രതിഷേധസ്വരം പോലും ഉയരുന്നില്ല. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില് എത്ര മണ്ഡലങ്ങളില് അവര് തമ്മില് രഹസ്യ ധാരണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നേതാക്കള്ക്കും പാര്ട്ടിക്കെതിരെയും ഇടതു സംഘി മാധ്യമങ്ങളും പ്രൊഫൈലുകളും പടച്ചു വിടുന്ന കള്ള പ്രചാരണങ്ങള്‌ക്കെതിരെ പ്രവര്ത്തകര് ജാഗ്രത പാലിക്കണമെന്നും റഷീദ് കൊളത്തറ പറഞ്ഞു.
സെന്‍ട്രല് കമ്മറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടന് ആമുഖപ്രഭാഷണം നടത്തി. നാഷണല് കമ്മിറ്റി ട്രഷറര് റഹ്മാന് മുനമ്പത്ത്, സെന്ട്രല് കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, സലിംകളക്കര, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല് സലിം അര്ത്തിയില്, നസീര് ഹനീഫ,സാബു കല്ലേലിഭാഗം ജില്ലാ പ്രസിഡന്റുമാരായ വിന്‌സന്റ്, മാത്യു ജോസഫ്, ശിഹാബ് നെന്മാറ എന്നിവര് സംസാരിച്ചു.
നാസര്‍ ലൈസ്, ശാലു,യോഹന്നാന്‍ കുണ്ടറ ബിനോയ് മത്തായി, ബിജുലാല്‍, അലക്‌സാണ്ടര്‍, ജോസ് കടമ്പനാട്, നിസാര്‍ പള്ളിക്കശേരില്‍ എന്നിവര്‍ നേത്യത്വം നല്‍കി. ഒ ഐ സി സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറര്‍ സത്താര്‍ ഓച്ചിറ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.