സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ സൗദി അറേബ്യയുടെ കുതിച്ച് ഓരോ ദിവസവും തുടരുകയാണ്. അതിനിടെ, രാജ്യത്തിന്റെ വിദേശ നിക്ഷേപം 5 ട്രില്ല്യന്‍ റിയാലില്‍ കൂടുതലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.
ചരിത്രത്തത്തില്‍ കണ്ടിട്ടില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സൗദി അറേബ്യയില്‍ പുരോഗമിക്കുന്നത്. കിരീടാവകാശിയായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതല ഏറ്റെടുത്ത കാലം മുതല്‍ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളില്‍ പരിഷ്‌കരണങ്ങളും മുന്നേറ്റങ്ങളും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ജി-20 രാജ്യങ്ങളില്‍ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച നേടിയത് സൗദി അറേബ്യയാണ്. നടപ്പു സാമ്പത്തിക വര്‍ഷം പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയേക്കാള്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ശോഭനമായ, സുസ്ഥിരമായ ഭാവിയാണ് സൗദി അറേബ്യയുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്.
2016ല്‍ സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ നേട്ടങ്ങള്‍ വ്യക്തമാകുന്ന കാഴ്ചകളാണ് രാജ്യമെങ്ങും ദൃശ്യമാകുന്നത്. ഒരു രാജ്യത്തിന്റെ സ്ഥിരത സമ്പദ് ഘടനയുടെ സുസ്ഥിരതയാണ്. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസന പദ്ധതികള്‍ എന്നിവ തുടരുമ്പോഴും രാജ്യം സാമ്പത്തിക ഭദ്രതയിലും വളര്‍ച്ചയിലും തുടരുകയാണ്.
അതുകൊണ്ടാണ് സൗദിയുടെ സാമ്പത്തിക നയങ്ങളും വികസനങ്ങളും സമ്പദ് ഘടനയുടെ വളര്‍ച്ചയും വികലനം ചെയ്ത അന്താരാഷ്ട്ര നാണയ നിധി ശുഭകരമായ ഭാവിയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവചിച്ചത്. മാത്രമല്ല നടപ്പു വര്‍ഷം പശ്ചാത്യ രാജ്യങ്ങളെക്കാള്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ഈ വര്‍ഷം നാലു ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട്. ജി-20 രാജ്യങ്ങളില്‍ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന നാലാമത്തെ രാജ്യമായി സൗദി അറേബ്യ മാറുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ജി-20 രാജ്യങ്ങളില്‍ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച നേടിയതും സൗദി അറേബ്യയാണ്. കഴിഞ്ഞ വര്‍ഷം 8.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിഷന്‍ 2030ന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക എന്നതാണ്. തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുളള വിവിധ പദ്ധതികളും ഫലം കണ്ടതോടെ രാജ്യത്തെ സമ്പദ് ഘടന കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.
എണ്ണഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെകിന് പുറത്തുളള രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഉത്പാദനം കുറച്ചിട്ടുണ്ട്. എങ്കിലും എണ്ണയിതര വരുമാനം ഈ വര്‍ഷം കൂടുതല്‍ വളര്‍ച്ച പ്രാപിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. വരുമാനം വര്‍ധിപ്പിക്കുന്നതിനുളള വൈവിധ്യവല്‍ക്കരണം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും സാമ്പത്തിക വളര്‍ച്ച സൂചിപ്പിക്കുന്നു.
സൗദി അറേബ്യ വിദേശ രാജ്യങ്ങളില്‍ നടത്തിയ നിക്ഷേപം കഴിഞ്ഞ വര്‍ഷം മൂന്നാം പാദം അഞ്ചു ട്രില്യണ്‍ റിയാലില്‍ കൂടുതലാണ്. 2022 മൂന്നാം പാദം ഇത് 4.996 ട്രില്യണ്‍ റിയാലായിരുന്നു. അതേസമയം, വിദേശങ്ങളിലെ നേരിട്ടുള്ള സൗദി നിക്ഷേപം 721.78 ബില്യണ്‍ റിയാലായി വര്‍ധിച്ചതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
ശാസ്ത്ര സാങ്കേതിക മേഖല, വിനോദ രംഗം, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലയില്‍ അന്താരാഷ്ട്ര നിക്ഷേപം സൗദി അറേബ്യയിലേക്ക് ഒഴുകുകയാണ്.
നുതന ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങള്‍ക്കും മികച്ച ഫലം ലഭ്യമാക്കാന്‍ സൗദി അറേബ്യക്ക് നിശ്ചയദാര്‍ഢ്യമുണ്ടെന്ന് ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ സൗദി കമ്യണിക്കേഷന്‍ ആന്റ് ഐടി മന്ത്രി . സുസ്ഥിരമായ പരിഹാരങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതന മാതൃകകള്‍ സ്വീകരിക്കുന്നതിലും നിര്‍മിത ബുദ്ധിയും അതിന്റെ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിലും സംയുക്ത ശ്രമങ്ങളുടെ ഏകീകരണം പ്രധാനമാണെന്നും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രി അബ്ദുല്ല അല്‍ സവാഹ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.
റെഡ് സീ പ്രൊജക്ട്, നിയോം, പുണ്യ പഗരങ്ങളിലെ വികസന പദ്ധതികള്‍ എന്നിവ രാജ്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതികളാണ്. അതിനിടെയാണ് സൗദി തലസ്ഥാനമായ റിയാദില്‍ ചലിക്കാന്‍ ശേഷിയുളള അത്ഭുത സ്‌റ്റേഡിയം വരുന്നത്. ചുവരുകളും മേല്‍ക്കൂരയും തറയും ചലിപ്പിച്ച് ഇഷ്ടമുള്ള രൂപങ്ങളിലേക്ക് മാറ്റാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം മുതല്‍ സംഗീത കച്ചേരി വരെ ഏത് പരിപാടികള്‍ക്കും അനുയോജ്യമാകും വിധമാണ് രൂപകത്പന. റിയാദിലെ നിര്‍മാണം പുരോഗമിക്കുന്ന ഖിദ്ദിയ വിനോദ നഗരത്തിനുള്ളില്‍ കുന്നുകള്‍ക്ക് മുകളിലാണ് വിസ്മയ സ്‌റ്റേഡിയം. ഡിസ്‌നി ലാന്‍ഡ് മാതൃകയിലാണ് ലോകത്തെ ഏറ്റവും വലിയ വിനോദ നഗരം ഖിദ്ദിയ നിര്‍മിക്കുന്നത്.
തുവൈഖ് പര്‍വതനിരകളുടെ ചരുവിലും താഴ്‌വരകളിലും പടര്‍ന്ന് കിടക്കുന്നതാണ് ഖിദ്ദിയ. അതിന്റെ മധ്യത്തില്‍ വലിയ കുന്നിന്‍ മുകളിലാണ് സ്‌റ്റേഡിയം നിര്‍മിക്കുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലാണ് സ്‌റ്റേഡിയം. 2034ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരം നടക്കുന്ന പ്രധാന സ്‌റ്റേഡിയങ്ങളില്‍ ഒന്നായിരിക്കും പുതിയ സ്‌റ്റേഡിയം.
അരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 60,000 പേര്‍ക്ക് ഇരിപ്പിടമുണ്ടാവും. 120 മീറ്റര്‍ നീളവും 90 മീറ്റര്‍ വീതിയുമുള്ള മൈതാനമാണ് സജ്ജീകരിക്കുക. ഭക്ഷണശാലകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയും ഒരുക്കും. സാഹസിക വിനോദസഞ്ചാരത്തിനുള്ള സൗദിയിലെ ആദ്യ
കേന്ദ്രം ‘ദി റിഗ്’ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഉടമസ്ഥതയിലുള്ള ഓയില്‍ പാര്‍ക്ക് ഡെവലപ്‌മെന്റ് കമ്പനിയുടെ കീഴിലാണ് പദ്ധതി. സമുദ്ര കായിക വിനോദങ്ങള്‍, സാഹസിക വിനോദസഞ്ചാരം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
വിഷന്‍ 2030 പദ്ധതി പ്രകാരം സാമ്പത്തിക വൈവിധ്യവത്ക്കരണം ലക്ഷ്യംവെക്കുന്നതാണ് രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍. ഒരു രാജ്യം എന്ന നിലയില്‍ സമസ്ഥ മേഖലകളിലും സമഗ്ര വികസനവും പരിഷ്‌കരണവും ലക്ഷ്യമാക്കിയാണ് പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമ്പദ് ഘടനയില്‍ വളര്‍ച്ച ദൃശ്യമാകും എന്ന കാര്യത്തില്‍ സംശയമില്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.