ഖിദ്ദിയ വിനോദ നഗരത്തില്‍ അത്ഭുത സ്‌റ്റേഡിയം ഒരുങ്ങുന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ചലിക്കാന്‍ ശേഷിയുളള അത്ഭുത സ്‌റ്റേഡിയം വരുന്നു. ചുവരുകളും മേല്‍ക്കൂരയും തറയും ചലിപ്പിച്ച് ഇഷ്ടമുള്ള രൂപങ്ങളിലേക്ക് മാറ്റാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം മുതല്‍ സംഗീത കച്ചേരി വരെ ഏത് പരിപാടികള്‍ക്കും അനുയോജ്യമാകും വിധമാണ് രൂപകത്പന. റിയാദിലെ നിര്‍മാണം പുരോഗമിക്കുന്ന ഖിദ്ദിയ വിനോദ നഗരത്തിനുള്ളില്‍ കുന്നുകള്‍ക്ക് മുകളിലാണ് വിസ്മയ സ്‌റ്റേഡിയം. ഡിസ്‌നി ലാന്‍ഡ് മാതൃകയിലാണ് ലോകത്തെ ഏറ്റവും വലിയ വിനോദ നഗരം ഖിദ്ദിയ നിര്‍മിക്കുന്നത്.

തുവൈഖ് പര്‍വതനിരകളുടെ ചരുവിലും താഴ്‌വരകളിലും പടര്‍ന്ന് കിടക്കുന്നതാണ് ഖിദ്ദിയ. അതിന്റെ മധ്യത്തില്‍ വലിയ കുന്നിന്‍ മുകളിലാണ് സ്‌റ്റേഡിയം നിര്‍മിക്കുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലാണ് സ്‌റ്റേഡിയം. 2034ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരം നടക്കുന്ന പ്രധാന സ്‌റ്റേഡിയങ്ങളില്‍ ഒന്നായിരിക്കും പുതിയ സ്‌റ്റേഡിയം.

അരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 60,000 പേര്‍ക്ക് ഇരിപ്പിടമുണ്ടാവും. 120 മീറ്റര്‍ നീളവും 90 മീറ്റര്‍ വീതിയുമുള്ള മൈതാനമാണ് സജ്ജീകരിക്കുക. ഭക്ഷണശാലകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയും ഒരുക്കും.

Leave a Reply