റിയാദ്: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാവാന്‍ കേളി കലാസാംസ്‌കാരിക വേദി രംഗത്ത്. കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സര്‍ക്കാരിന്റെ പുനഃരധിവാസ പദ്ധതിയില്‍ ഭഗവാക്കാകുന്നതിന് കേളി ഒരു കോടി രൂപ സമാഹരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവന്‍ അംഗങ്ങളും ഉദ്യമത്തില്‍ പങ്കാളികളാകും. കൂടാതെ റിയാദിലെ പൊതു സമൂഹത്തിനും കേളിയോടൊപ്പം കൈകോര്‍ക്കാന്‍ അവസരം ഒരുക്കും.
കേളിയുടെ ‘സ്‌നേഹസ്പര്‍ശം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ല. 180 ല്‍ അധികം ആളുകളെ ഇനിയും കണ്ടെത്താന്നുണ്ട്. ദുരന്തം നടന്ന രണ്ടാം ദിവസം തന്നെ പ്രവാസ ലോകത്തുനിന്നു ആദ്യമായി കേളി പത്ത് ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.
ദുരന്തത്തില്‍ സകലതും നഷ്ടമായവര്‍ക്കായി വിപുലമായ പുനഃരധിവാസ പാക്കേജ് തയ്യാറാക്കുമെന്നും, പൂര്‍ണ്ണമായും തകര്‍ന്നു പോയ ജനവാസ മേഖലയ്ക്ക് പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കേളിയെ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഉദ്യമത്തില്‍ പ്രവാസ ലോകത്തുനിന്നു നമ്മളാല്‍ കഴിയാവുന്നതിന്റെ പരമാവതി ചെയ്യാന്‍ കേളി രംഗത്തുണ്ടാവും.
മനുഷ്യനെന്ന പദത്തിന്റെ മഹത്വം കേരളത്തിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്. ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ പ്രതിസന്ധിയെ മറികടക്കാന്‍ കേരളക്കരയാകെ ഒന്നിച്ചത് നാം തൊട്ടറിഞ്ഞു. മുണ്ടക്കൈയും ചൂരല്‍മലയും ഒലിച്ചുപോയപ്പോഴും ആയിരങ്ങളെ വീണ്ടെടുത്തത് യുദ്ധസമാന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ്. രണ്ടായിരത്തിലധികം പേരെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷാപ്രവര്‍ത്തകര്‍ കൈപിടിച്ചുകയറ്റിയത്.
മുന്‍ കാലങ്ങളിലെ പ്രളയവും മഹാമാരിയും, പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് വഴി കാട്ടി. മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിഞ്ഞു. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട ഒരോരുത്തരേയും കേളി അഭിനന്ദിക്കുന്നു. അതിദാരുണ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസംപകരാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം കേളി അഭ്യര്‍ത്തിച്ചു.
2018-19ല്‍ കേരളം നേരിട്ട മഹാ പ്രളയത്തില്‍ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി അര കോടി രൂപയാണ് കേളി നല്‍കിയത്. കൂടാതെ കേളി പ്രവര്‍ത്തകര്‍ വ്യക്തിപരമായും സഹായങ്ങള്‍ നല്‍കി. കൊറോണ മഹാമാരിയില്‍ കേരളത്തിലെ ജനങ്ങള്‍ക് സൗജന്യ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ കൈകൊണ്ടവേളയിലും കേളി വാക്‌സിന്‍ ചലഞ്ച് ഏറ്റെടുക്കുകയും 23,42,374 രൂപ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ്സെബിന്‍ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.