Sauditimesonline

BENY BEHNAN
രാഹുല്‍ ഗാന്ധിയുടെ ശബ്ദം ബിജെപി ഭയക്കുന്നു; 'കടക്ക് പുറത്ത്' യുഡിഎഫ് അജണ്ട

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പം: പി കെ ബിജു

റിയാദ്: ഉപജീവനം തേടി പ്രവാസം സ്വീകരിച്ച മലയാളികള്‍ സ്വന്തം നാടിനൊരു പ്രശ്‌നം വരുമ്പോള്‍ മറ്റെല്ലാം മറന്ന് സഹായ ഹസ്തം നീട്ടുന്നവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു. കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാം കേന്ദ്ര സമ്മേളനം റിയാദില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം അടുത്ത കാലങ്ങളില്‍ നേരിട്ട പ്രകൃതി ദുരന്തങ്ങും മഹാമാരികളും അനുഭവിച്ചറിഞ്ഞതാണ്. മലയാളികള്‍ മാത്രമല്ല, മലയാളികള്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും സഹപ്രവര്‍ത്തകരും കേരളത്തെ അത്രമേല്‍ ചേര്‍ത്തു പിടിക്കുന്നവരാണ്. പ്രവാസികളെ ചേര്‍ത്തു പിടിച്ച സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. പ്രവാസികള്‍ക്ക് സ്വന്തം കുടുംബത്തെ ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. പ്രവാസി കുടുംബങ്ങള്‍ക്ക് കാവലാളായി കേരള സര്‍ക്കാര്‍ ഉണ്ടാകുമെന്നും പി കെ ബിജു പറഞ്ഞു.

കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനം മുന്‍ മന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ടി ശിവദാസമേനോന്റെ നാമധേയത്തിലുള്ള നഗരിയില്‍ നടന്നു. ദ്വിദിന സമ്മേളനത്തിന്റെ ആദ്യ ദിനം പൊതു സമ്മേളനവും രണ്ടാം ദിവസം പ്രതിനിധി സമ്മേളനവും നടന്നു. ബത്ഹ ഏരിയ അംഗം മനോജിന്റെ നേതൃത്വത്തില്‍ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും ചേര്‍ന്ന് സ്വാഗത ഗാനം ആലപിച്ചു. ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഹാഷിം കുന്നത്തറ രക്തസാക്ഷി പ്രമേയവും പ്രഭാകരന്‍ ബേത്തൂര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പന്ത്രണ്ട് ഏരിയകളില്‍ നിന്നായി 32 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പി.കെ.ബിജുവും സംഘടനാ ചര്‍ച്ചകള്‍ക്ക് ടി.ആര്‍.സുബ്രഹ്മണ്യന്‍, സെബിന്‍ ഇഖ്ബാല്‍ എന്നിവരും മറുപടി പറഞ്ഞു.

ആറ് പ്രമേയങ്ങഭ സമ്മേളനത്തില്‍ അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക, വിമാന യാത്രാനിരക്കിലെ ക്രമാതീതമായ വര്‍ദ്ധന നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാവണം, പ്രവാസികളുടെ വിഷയങ്ങളില്‍ ഇന്ത്യന്‍ എംബസി ഇടപെടല്‍ ഊര്‍ജിതപ്പെടുത്തുക, വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുക, തുച്ഛ വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ നോണ്‍ ക്രീമിലയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക, പ്രവാസി സര്‍വകലാശാലക്ക് തുടക്കം കുറിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

ഭാരവാഹികളായി സെബിന്‍ ഇഖ്ബാല്‍ (പ്രസിഡന്റ്), സുരേഷ് കണ്ണപുരം (സെക്രട്ടറി), ജോസഫ് ഷാജി (ട്രഷറര്‍), അബ്ദുല്‍ ഗഫൂര്‍, രജീഷ് പിണറായി (വൈസ് പ്രസിഡന്റ്), സുനില്‍ തിരുവനന്തപുരം, മധു ബാലുശ്ശേരി (ജോയിന്റ് സെക്രട്ടറി), സുനില്‍ സുകുമാരന്‍ (ജോയിന്റ് ട്രഷറര്‍), കാഹിം ചേളാരി (സെക്രട്ടേറിയറ്റ് അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top