റിയാദ്: സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് (പിസിസി) നിര്‍ബന്ധമാക്കി. മുംബൈ സൗദി കോണ്‍സുലേറ്റ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ, പൗരത്വ സമരം, കെ-റെയില്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താനുളള മോഹത്തിന് കനത്ത തിരിച്ചടിയായി.
ആഗസ്ത് 22 മുതല്‍ തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. അല്ലാത്തവ നിരസിക്കുമെന്നും കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ സൗദി എംബസിയില്‍ സ്റ്റാമ്പ് ചെയ്യുന്ന തൊഴില്‍ വിസകള്‍ക്ക് പിസിസി, ലേബര്‍ കോണ്‍ട്രാക്ട് എന്നിവ ഹാജരാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ മുംബൈ കോണ്‍സുലേറ്റില്‍ ഇതില്ലാതെ വിസ സ്റ്റാമ്പ് ചെയ്തിരുന്നു.
അതേസമയം, ദല്‍ഹി, യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് യുവാക്കള്‍ക്കെതിരെ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ അടുത്തിടെ നടന്ന കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത നിരവധി യുവാക്കള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവരുടെ ഗള്‍ഫ് സ്വപ്നവും വെല്ലുവിളിയാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.