
മക്ക: വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ വിപുലമായ സൗകരങ്ങള്‍. ശസ്ത്രക്രിയ്ക്കു വിധേയരായവരും ഐസിയുവില്‍ കഴിയുന്നവരും കുറച്ചു സമയം അറഫയില്‍ ചെലവഴിച്ച് ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമാകും. 40 ഇന്ത്യക്കാരാണ് ആശുപത്രിയില്‍ കഴിയുന്നത്.

ഹൃദയ ശസ്ത്രക്രിയ്ക്കു വിധേയരായ നൂറുകണക്കിന് വിദേശ തീര്‍ത്ഥാടകരാണ് ആശുപത്രികളില്‍ കഴിയുന്നത്. ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ഇതുവരെ ചികിത്സ ലഭ്യമാക്കി. പകര്‍ച്ച വ്യാധികള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ‘ഹെല്‍ത്ത് സ്റ്റാറ്റസ് ട്രാക് സിസ്റ്റം’ നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫു മിനയില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ തീര്‍ഥാടകരെ അറഫയിലെത്തിക്കും. ചികിത്സയില്‍ കഴിയുന്നവരെയും വീല്‍ ചെയര്‍ ആവശ്യമുളള തീര്‍ത്ഥാടകരെയും സഹായിക്കാന്‍ വളണ്ടിയര്‍മാരുടെ സേവനം മിനയിലും അറഫയിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎംസിസി വളണ്ടിയര്‍ ക്യാപ്റ്റന്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു.

അതി കഠിനമായ അന്തരീക്ഷ താപമാണ് ഈ വര്‍ഷം തീര്‍ത്ഥാടകര്‍ നേരിടുന്ന വെല്ലുവളി. മിനയില്‍ 47 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപം. അറഫയില്‍ 51 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തീര്‍ത്ഥാടകരുടെ ആരോഗ്യ പരിചരണത്തിന് ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയ്ക്കു പുറമെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് എയര്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുളളവ ഒരുക്കിയിട്ടുണ്ട്. ക്രിറ്റിക്കല്‍ കെയര്‍ യൂനിറ്റിന് സമാനമായ എയര്‍ ആംബുലന്‍സുകളാണ് പ്രതിരോധ മന്ത്രാലയം പുണ്യ ഭൂമിയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുളളത്.





