
മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് പുണ്യ ഭൂമി ഒരുങ്ങി. മിനായിലെ കൂടാരങ്ങള്‍ ലക്ഷ്യമാക്കി തീര്‍ഥാടകര്‍ യാത്ര തുടങ്ങി. മിനയില്‍ ഇന്നു രാത്രി ചെലവഴിച്ചതിനു ശേഷം നാളെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ തീര്‍ത്ഥാടകര്‍ പങ്കെടുക്കം. ഒരു പകല്‍ മുഴുവന്‍ അറഫയില്‍ ചെലവഴിക്കും. കടുത്ത അന്തരീക്ഷ താപം കണക്കിലെടുത്തു അറഫയിലെ ടെന്റുകളില്‍ തന്നെ കഴിയാനാണ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം.

അറഫയിലെ നമിറ പളളിയിലെ അറഫയപ്രസംഗം 35 ഭാഷകളില്‍ തീര്‍ത്ഥാടകര്‍ക്കു ലഭ്യമാക്കാന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അറഫ സംഗമം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മുസ്ദലിഫയില്‍ അന്തിയുറങ്ങിയതിന് ശേഷം വെള്ളിയാഴ്ച മിനായില്‍ തിരിച്ചെത്തും. മിനയില്‍ മൂന്ന് ദിവസം താമസിച്ചാണ് ബാക്കി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.

ഇന്ത്യയില്‍ നിന്നെത്തിയ ഭൂരിഭാഗം തീര്‍ത്ഥാടകരും മിനായിലെ തമ്പുകളില്‍ എത്തി. 25 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മിനാ താഴ്‌വാരത്തില്‍ 2 ലക്ഷം ശീതീകരിച്ച തമ്പുകളിലാണു തീര്‍ഥാടകരുടെ താമസം. 1.22 ലക്ഷം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയത്. ഹജ്ജ് സര്‍വിസ് കമ്പനികളാണ് ബസ് മാര്‍ഗം തീര്‍ത്ഥാടകരെ മിനായിലെ തമ്പുകളില്‍ എത്തിച്ചത്. മിനായില്‍ കിങ് അബ്ദുല്‍ അസീസ് പാലത്തിന് ഇരുവശത്തും കിങ് ഫഹദ്, സൂഖുല്‍ അറബ്, ജൗഹറ റോഡുകള്‍ക്കിടയിലാണ് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ തമ്പ് ഒരുക്കിയിട്ടുളളത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.