
മുഹമ്മദ് ബാസില്‍ ഒ പി
റിയാദ്: അഞ്ച് വ്യത്യസ്ത കൃതികള്‍ പങ്കുവെച്ചു ചില്ലയുടെ മെയ്മാസ വായന ബത്ഹയിലെ ലുഹ ഹാളില്‍ സംഘടിപ്പിച്ചു. എം. സ്വരാജ് എഴുതിയ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിയുടെ വായന സുരേഷ് ലാല്‍ അവതരിപ്പിച്ചു. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളൂം അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തില്‍ സ്വരാജ് മനോഹരമായി വിശദീകരിക്കുന്നുണ്ട്. മനുഷ്യചരിത്രത്തിന്റെ നിരവധി ഘട്ടങ്ങളില്‍ പൂക്കളുടെ സാന്നിദ്ധ്യം എങ്ങനെയായിരുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന കൃതി പ്രായഭേദമന്യെ എല്ലാവരും വായിച്ചിരിക്കണണമെന്ന് സുരേഷ് ലാല്‍ പറഞ്ഞു. ഒരു യുവരാഷ്ട്രീയ നേതാവിന്റെ ക്രിയാത്മകമായ സാംസ്‌കാരിക ഇടപെടലാണ് പൂക്കളുടെ പുസ്തകമെന്ന് അവതാരകന്‍ പറഞ്ഞു.

ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന് മലയാളി സമൂഹം വിശ്വസിച്ചുക്കുന്ന ‘ഇന്ദുലേഖ’ ആഖ്യായികയുടെ സാമൂഹ്യശാസ്ത്രപരമായ വായനയാണ് മുഹമ്മദ് ബാസില്‍ ഒ പി നടത്തിയത്. ചന്തുമേനോന്റെ കൃതി മലയാളത്തിലെ ലക്ഷണം കെട്ട നോവലാണെന്ന് അതിലെ നിരവധി സന്ദര്‍ഭങ്ങളും സാമൂഹ്യകുടുംബ സങ്കല്‍പ്പവും വിശദീകരിച്ച് ബാസില്‍ സമര്‍ത്ഥിച്ചു. ഇന്ദുലേഖയില്‍ നവോത്ഥാന ആശയങ്ങളൊന്നും തന്നെയില്ല. ഫ്യൂഡലിസത്തിന്റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങള്‍ ഉണ്ട് എന്നുമാത്രം. എന്നാല്‍ പാശ്ചാത്യസാഹിത്യ പ്രചോദനം കൊണ്ട് സംഭവിക്കേണ്ട പുരോഗമനപരമായതൊന്നും കഥാ വികാസത്തിലോ, കഥാപാത്രങ്ങളിലോ കാണാന്‍ സാധിക്കില്ലെന്നും അവതാരകന്‍ വ്യക്തമാക്കി.

ഡോ. പ്രശോഭ് ഈനോസിന്റെ ‘ആരണ്യകാണ്ഡം’ എന്ന കൃതിയുടെ വായനയാണ് അനിത്ര ജ്യോമി അവതരിപ്പിച്ചത്. ഒരു മെഡിക്കല്‍ ഓഫീസറായിരിക്കെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന നിലയിലും പ്രശസ്തനായ ഡോക്ടറുടെ വനയാത്രകളും വന്യതയിലെ സൗന്ദര്യവും ആഴവും ഗഹനതയും പുസ്തകത്തില്‍ പ്രതിഫലിക്കുന്നു എന്ന് അവതാരക പറഞ്ഞു.

പി പി രാമചന്ദ്രന്റെ ‘കാണെക്കാണെ’ എന്ന കവിതാ സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം എം. ഫൈസല്‍ പങ്കുവെച്ചു. ആധുനികാനന്തര മലയാള കവിതയിലെ ഏറ്റവും കവിത മുറ്റിയ കവിതകളുടെ രചയിതാവാണ് രാമചന്ദ്രനെന്ന് അവതാരകന്‍ പറഞ്ഞു. എന്‍ എന്‍ കക്കാട്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട എന്നിവരില്‍ നിന്നെന്ന പോലെ ഇടശ്ശേരി, എം ഗോവിന്ദന്‍ എന്നിവരില്‍ നിന്നും കാവ്യോര്‍ജ്ജം സ്വീകരിക്കുന്ന രാമചന്ദ്രന്‍ മലയാള കവിതയുടെ ഏറ്റവും സുന്ദരമായ മുദ്രയാണെന്ന് ഫൈസല്‍ അവകാശപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്തു രചിച്ച ‘രമണീയ വനങ്ങളെ രണല്‍ ഭ്രമര വ്യാകുലമാം സുമങ്ങളെ’ എന്ന കൃതിയുടെ വായനാനുഭവമാണ് ഷഹീബ വി.കെ സദസുമായി പങ്കുവച്ചത്. താന്‍ വായിച്ച പുസ്തകങ്ങളെ മുന്‍നിര്‍ത്തി സനീഷ് നടത്തുന്ന രാഷ്ട്രീയ വായനകളുടെ സമാഹാരമാണ് ഈ പുസ്തകം. മാര്‍ക്കേസും മാര്‍ക്‌സും എലനോര്‍ മാര്‍ക്‌സും ബുദ്ധനും പ്രവാചകനും മമ്മൂട്ടിയും പുടിനും പുസ്തകത്തില്‍ വിഷയങ്ങളായി കടന്നുവരുന്നു. ഹിന്ദുത്വ ഫാസിസവും ഗാന്ധിവധവും അതേതുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട നാരായണ്‍ ആപ്തയുടെ കാമുകി മനോരമ സാല്‍വിയുമൊക്കെ കടന്നുവരുന്ന പുസ്തകം മികച്ച വായനകളുടെ വായനയാണെന്ന് ഷഹീബ പറഞ്ഞു.

ചര്‍ച്ചയില്‍ ജോണി പനംകുളം, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, ബീന, സബീന എം.സാലി, ശശി കാട്ടൂര്‍, റസൂല്‍ സലാം, സീബ കുവോട്, ഫൈസല്‍ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് എന്നിവര്‍ പങ്കെടുത്തു. നാസര്‍ കാരക്കുന്ന് മോഡറേറ്ററായിരുന്നു. ചര്‍ച്ചകളെ ജോമോന്‍ സ്റ്റീഫന്‍ ഉപസംഹരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.