
റിയാദ്: നാലു വര്‍ഷത്തിനു ശേഷം നാടുകാണാനുളള പ്രദീപി(41)ന്റെ യാത്ര അന്ത്യയാത്രയായി. സൗദിയില്‍ നിന്നു അവധിക്കു നാട്ടിലേക്കു പുറപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഇലഞ്ഞിക്കുന്നെല്‍ വീട്ടില്‍ പ്രദീപ് എയര്‍പോട്ടിലേക്കുളള യാത്രാ മധ്യേ കുഴഞ്ഞുവീണു മരിച്ചു. നജ്‌റാനില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു.

ശനി രാവിലെ 10.30ന് കോഴിക്കോടേക്കുളള സ്‌പൈസ് ജെറ്റിന്റെ വിമാനത്തില്‍ യാത്ര ചെയ്യാനാണ് റിയാദില്‍ നിന്നു 950 കിലോമീറ്റര്‍ അകലെയുളള നജ്‌റാനില്‍ നിന്നു പ്രദീപ് പുറപ്പെട്ടത്.
എയര്‍പോര്‍ട്ടിലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ സുലായ് എന്ന സ്ഥലത്ത് വിശ്രമത്തിനായി ബസ് നിര്‍ത്തി. പുറത്തിറങ്ങി വെളളം കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയാദില്‍ നിന്ന് 560 കിലോ മീറ്റര്‍ അകലെ സുലായ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പരേതനായ വിലാസന്‍ ആണ് പിതാവ്. മാതാവ്: ഓമന, ഭാര്യ: രമ്യ, മകള്‍: ആദിത്യ, മകന്‍: അര്‍ജുന്‍
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. കെഎംസിസി പ്രവര്‍ത്തകരായ സിദ്ദീഖ് കൊപ്പം, റഷീദ് മണ്ണാര്‍ക്കാട്, റഫീഖ് പുല്ലൂര്‍, ഷറഫ് പുളിക്കല്‍, ഫൈസല്‍ ഇടയൂര്‍ എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
