
റിയാദ്: സൗദിയില്‍ ഇലക്‌ട്രോണിക് ഡോകുമെന്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ ലഭിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍. തടവ് ശിക്ഷക്കു പുറമെ 10 ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇ-ഡോകുമെന്റായി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്രിമമായി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പബ്‌ളിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തടവും പിഴയും ശിക്ഷക്ക് പുറമെ ഇ-രേഖകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്നും പബ്‌ളിക് പ്രോസിക്യൂഷന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
രേഖകള്‍ വ്യാജമായി സാക്ഷ്യപ്പെടുത്തുന്നതും ഒപ്പു വെക്കുന്നതും കുറ്റകൃത്യമാണ്. ഇത്തരം രേഖകള്‍ കൈവശം സൂക്ഷിക്കുന്നതും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇലക്‌ട്രോണിക് ഡോകുമെന്റുകളുടെ ക്രയവിക്രയം വര്‍ധിച്ച സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങളും ശിക്ഷകളും നടപ്പിലാക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
