റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്ന് റിയാദ് റഹീം സഹായസമിതി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും റിയാദ് ഗവര്‍ണറേറ്റിലെ അനുരജ്ഞന കാര്യാലയം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദിയ ധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്തിച്ചു.
പണം നല്‍കാനുള്ള ഗവര്‍ണറേറ്റിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് എംബസിയും സഹായ സമിതിയും. പണം സര്‍ട്ടിഫൈഡ് ചെക്കായി കുടുംബത്തിന് കൈമാറണം. അല്ലെങ്കില്‍ കോടതി അക്കൗണ്ടില്‍ അടക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണറേറ്റ് ഇന്ത്യന്‍ എംബസിയെ അറിയിക്കും.
ഗവര്‍ണറേറ്റിന്റെ അറിയിപ്പു ലഭിച്ചാല്‍ ദിയ ധനമായ 15 മില്യണ്‍ സൗദി റിയാല്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മറ്റി വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ എംബസി തുക ഗവര്‍ണറേറ്റ് നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യും. ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പ്രധാന ഘട്ടം പൂര്‍ത്തിയാകും.
ഗവര്‍ണറേറ്റിനിന്ന് രേഖകള്‍ കോടതിയിലെത്തിയാല്‍ ഇരു വിഭാഗം അഭിഭാഷകരും കോടതിയില്‍ ഹാജരാകും. ഇതോടെ മോചനം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കോടതി ഉത്തരവു പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് സഹായ സമിതി വാര്‍ത്ത കുറിപ്പില്‍അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.