റിയാദ്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്റെ നീക്കം അപലപനീയമെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. ബത്ഹ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന വിവിധ ഘടകങ്ങളിലെ ഭാരവാഹികളുടെ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സാമുദായിക ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും കഴിയാവുന്നതെല്ലാം ചെയ്ത പാരമ്പര്യമാണ് പാണക്കാട് തങ്ങന്മാര്‍ക്കുള്ളത്. കേരളത്തില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് യാതൊരു ധാര്‍മികതയുമില്ലാതെ വര്‍ഗീയത പ്രചരിപ്പിക്കുന്ന നയമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. ജമാഅത്ത് ഇസ്‌ലാമിയുടെ വോട്ടുകള്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. ലീഗിനെതിരെ മുസ്‌ലിം സമുദായത്തിനുള്ളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ലീഗ് വിരുദ്ധ ഗ്രൂപ്പുകളെയെല്ലാം അവശ്യാനുസരണം പിന്തുണക്കുകയും വോട്ടുകള്‍ സ്വീകരിക്കുയും സഹായം നല്‍കുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്. ന്യൂനപക്ഷ വിഭാഗം സിപിഎമ്മിന്റെ കപട രാഷ്ട്രീയം തിരിച്ചറിഞ്ഞതിലുള്ള അരിശമാണ് മുഖ്യമന്ത്രി പാണക്കാട് തങ്ങളുടെ നേരെ തീര്‍ക്കുന്നത്.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ റിയാദില്‍ നിന്ന് ഇരുപതിനായിരം അംഗങ്ങളെ ചേര്‍ക്കുനും യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ജലീല്‍ തിരൂര്‍,മജീദ് പയ്യന്നൂര്‍, അഡ്വ അനീര്‍ ബാബു, അഷ്‌റഫ് കല്‍പകഞ്ചേരി, നജീബ് നല്ലാംങ്കണ്ടി, മാമുക്കോയ തറമ്മല്‍, ഷമീര്‍ പറമ്പത്ത്, പിസി മജീദ്, ഷംസു പെരുമ്പട്ട, സിറാജ് തേഞ്ഞിപ്പലം ജില്ലാമണ്ഡലം ഏരിയ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സുഹൈല്‍ അമ്പലക്കണ്ടി, മുക്താര്‍ പി ടി പി, ഷാഫി സെഞ്ച്വറി, മുഹമ്മദ് കുട്ടി വാടാനപ്പള്ളി, നവാസ് ബീമാപ്പള്ളി, അഷ്‌റഫ് മോയന്‍, നൗഫല്‍ ചാപ്പപ്പടി,സിദീഖ് കൂറൂലി, റിയാസ് തിരൂര്‍ക്കാട് ,സാലിഹ് ചെലൂര്‍, ഇസ്മായില്‍ മമ്പുറം എന്നിവര്‍ പ്രസംഗിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അബ്ദുറഹ്മാന്‍ ഫറൂഖ് നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.